മാള: കൊടുങ്ങല്ലൂർ മണ്ഡലത്തിലെ വിവിധ തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി വിവിധ നിർമ്മാണോദ്ഘാടനം നടന്നു. ഫിഷറീസ് വകുപ്പ് മന്ത്രി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു. വി.ആർ. സുനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷനായി.
ഹാർബർ എൻജിനിയറിംഗ് വകുപ്പ് വഴി നിർമ്മാണം ആരംഭിക്കുന്ന ആറ് റോഡുകളുടെ നിർമാണോദ്ഘാടനമാണ് നടന്നത്. മാള പഞ്ചായത്ത് വാർഡ് 20 മാരേക്കാട് മടത്തിപ്പറമ്പ് റോഡ്, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് വാർഡ് 3 പള്ളിക്കപ്പാടം ലക്ഷം വീട് കോളനി റോഡ്, വാർഡ് 4,5 ബ്ലോക്ക് ജംഗ്ഷൻ കൊമ്പൻ ബസാർ റോഡ് കൊടുങ്ങല്ലൂർ നഗരസഭ വാർഡ് 7 വയലാർ അറുകണ്ടം റോഡ്, വാർഡ് 14 ചപ്പാറ റോഡ്, പുത്തൻചിറ പഞ്ചായത്ത് വാർഡ് 3 ശാന്തിനഗർ ആളേരിക്കുളം കട്ടിയാൻ പാറ റോഡ് എന്നിവയുടെ നിർമ്മാണോദ്ഘടനമാണ് മന്ത്രി നിർവഹിച്ചത്.
286.10 ലക്ഷം രൂപയുടെ സാങ്കേതികാനുമതിയാണ് റോഡുകളുടെ നിർമ്മാണനത്തിനായി അനുവദിച്ചിട്ടുള്ളത്. തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ 2016- 17 സാമ്പത്തിക വർഷം മുതൽ 1464.98 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. 39 റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ പദ്ധതി വഴി നടപ്പിലാക്കിവരുന്നു.
മാള പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ വിനീത സദാനദൻ, രാധ ഭാസ്‌കരൻ, മെമ്പർമാരായ പി.എസ്. ശ്രീജിത്ത്, പി.കെ. സുകുമാരൻ, ആശ മനോജ്, വെള്ളങ്ങല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കുറ്റിപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.