ചാവക്കാട്: നഗരസഭാ കൃഷിഭവനിൽ ആരംഭിച്ച കാർഷിക വിള ആരോഗ്യ പരിപാലന കേന്ദ്രത്തിന്റെ ഉദ്ഘാടനം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് കൃഷി ഡയറക്ടർ മനോജ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. കേരളത്തിലാദ്യമായി നഗരസഭാ തലത്തിൽ ചാവക്കാടാണ് വിള ആരോഗ്യ പരിപാലന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. സംസ്ഥാന കൃഷി വകുപ്പ് അനുവദിച്ച ഏഴ് ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. മണ്ണ് പരിശോധന, കൃഷി സംബന്ധമായ മറ്റു പരീക്ഷണങ്ങൾ എന്നിവ നടത്തുന്നതിന് ഇതുമൂലം സാധിക്കുമെന്ന് ചെയർമാൻ അറിയിച്ചു. വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.എച്ച്. സലാം, കൃഷി ഓഫീസർ ശ്രീജ എന്നിവർ സംസാരിച്ചു.