medikkal
മെഡിക്കൽ കോളേജിലെ ന്യുറോ സർജറി വിഭാഗത്തിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ട തിരക്ക്

തൃശൂർ: ഒരു ഭാഗത്ത് അതിരൂക്ഷമായ രീതിയിൽ കൊവിഡ് വ്യാപനം തുടരുന്നതിനിടെ മെഡിക്കൽ കോളേജിൽ മറ്റു ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നു. ഒരു മാസം മുൻപ് വരെ ആയിരത്തിനും 1500നും ഇടയിലായിരുന്നു ജനറൽ ഒ.പികളിൽ എത്തുന്നവരുടെ എണ്ണം. കഴിഞ്ഞ രണ്ടാഴ്ചയായി രണ്ടായിരത്തിനു മുകളിലാണിത്.

ജില്ലയിൽ കൊവിഡ് രോഗികളിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരെ ചികിത്സിക്കുന്നത് ഇവിടെയാണ്. പലരും നിലത്ത് കിടന്നാണ് ചികിത്സ തേടുന്നത്. ഇവർക്ക് ആവശ്യമായ പരിചരണം നൽകാൻ ബുദ്ധിമുട്ടുന്നതിനിടെയാണ് ഒ.പികളിൽ രോഗികളുടെ എണ്ണം കൂടുന്നത്.

കൊവിഡിന് മുൻപ് 3000 മുതൽ 3500 പേർ ഒ.പികളിൽ എത്തിയിരുന്നു. വൈകാതെ രോഗികളുടെ എണ്ണം ഈവിധമാകുമെന്നാണ് കണക്കുകൂട്ടൽ. രോഗികളുടെ എണ്ണം കൂടിയാൽ മെഡിക്കൽ കോളേജിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. ജനറൽ ഒ.പികളിൽ എത്തുവരിൽ പലർക്കും കൊവിഡ് സ്ഥിരീകരിക്കുന്നതും തലവേദനയാകുന്നുണ്ട്.

സ്വകാര്യ ആശുപത്രികളിലെ ചികിത്സ താങ്ങാൻ കഴിയാത്തവരാണ് മെഡിക്കൽ കോളേജിലെത്തുന്നത്. സ്വകാര്യ ആശുപത്രികളിൽ മറ്റു ചികിത്സയ്ക്ക് എത്തുകയും അതിനിടെ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്താൽ ലക്ഷങ്ങളാണ് ഈടാക്കുന്നത്. ഇത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടവയ്ക്കുന്നുണ്ട്.

പ്രധാന ഒ.പി ബ്ലോക്ക് കൊവിഡ് ആശുപത്രിയാക്കിയതിനാൽ താത്കാലിക സംവിധാനത്തിനാലാണ് ഒ.പി പ്രവർത്തിക്കുന്നത്. കൊവിഡിന്റെ തുടക്കം മുതൽ മെഡിക്കൽ കോളേജിൽ മറ്റു രോഗികൾക്ക് കർശന നിയന്ത്രണം ഉണ്ടായിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, മറ്റു സർക്കാർ ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സ തേടി കൂടുതൽ പരിശോധനകൾ ആവശ്യമായവർ മെഡിക്കൽ കോളേജിൽ വന്നാൽ മതിയെന്ന് നിർദേശം ഉണ്ടായിരുന്നു. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ ചികിത്സിക്കാവുന്നവർ പോലും ഇപ്പോൾ മെഡിക്കൽ കോളേജിൽ എത്തുന്നുണ്ട്.

സാമൂഹിക അകലം ഇല്ല

ചികിത്സ തേടി ഒ.പികളിൽ എത്തുന്ന പലരും സാമൂഹിക അകലം പാലിക്കുന്നില്ല. ആവശ്യമായ സ്ഥലസൗകര്യം ഇല്ലാത്തതും പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. നിയന്ത്രണം സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകുന്നതിന് ജീവനക്കാരുടെ കുറവുമുണ്ട്. ന്യുറോ സർജറി, ഓർത്തോ, ജനറൽ മെഡിസിൻ എന്നിവിടങ്ങളിൽ എല്ലാ ദിവസവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ഗൃഹനാഥൻ ടോയ്‌ലെറ്റിന് അടുത്തുള്ള ജനൽ കമ്പിയിൽ തുങ്ങി മരിച്ചിരുന്നു. കൊവിഡ് വാർഡുകളിൽ പോലും ആവശ്യത്തിന് ജീവനക്കാരില്ലെന്ന ആക്ഷേപം ശക്തമാണ്.