ചാലക്കുടി: ആയുർവേദാചാര്യനായിരുന്ന വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാടിന്റെ സ്മരണയ്ക്കായി കേരളത്തിലെ ആദ്യത്തെ സർക്കാർ ആയുർവേദ നേത്രരോഗ സ്‌പെഷ്യാലിറ്റിയും ആയുർവേദത്തിനൊപ്പം സിദ്ധ, ഹോമിയോ, യാേഗ, പ്രകൃതിചികിത്സാ വിഭാഗങ്ങൾ ഒന്നിപ്പിക്കുന്ന സംയോജിത ചികിത്സാരീതിയും ചാലക്കുടിക്ക് സ്വന്തം.
നഗരസഭ വിട്ടുനൽകിയ സ്ഥലത്താണ് ആയുർവേദ രംഗത്തെ മികച്ച ചികിത്സാ കേന്ദ്രമായ വൈദ്യഭൂഷണം രാഘവൻ തിരുമൂൽപ്പാട് സ്മാരക ആയുഷ് ആയുർവേദ ആശുപത്രി നിർമ്മാണം തുടങ്ങുന്നത്. ചെവി, മൂക്ക്, തൊണ്ട എന്നിവ സംബന്ധിച്ച ചികിത്സയ്ക്കായും ആയുഷ് ആശുപത്രിയിൽ സജ്ജീകരങ്ങളുണ്ടാകും. സിദ്ധ, ഹോമിയോ ചികിത്സക്കായുള്ള ഒ.പി സൗകര്യമൊരുക്കും. ഏഴ് ഡോക്ടർമാരുടെ സേവനം ആശുപത്രിയിൽ ഉണ്ടാകും.
6200 ചതുരശ്ര അടിയിൽ മൂന്നു നിലകളിലായിട്ടാണ് കെട്ടിടം പണി പൂർത്തീകരിക്കുക. ഹൈറ്റ്‌സിനാണ് നിർമ്മാണച്ചുമതല. ആയുർവേദ രംഗത്തെ ഏറ്റവും അംഗീകാരമുള്ള സ്‌പെഷ്യാലിറ്റികളിൽ ഒന്നായതുകൊണ്ടാണ് നേത്ര ചികിത്സയ്ക്ക് പ്രാമുഖ്യം നൽകുന്നത്. ഇതിനു സമാനമായ ആയുഷ് ആശുപത്രി കണ്ണൂരിലെ മട്ടന്നൂരിൽ നിർമ്മിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.
നിർമ്മാണോദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഓൺലൈനായി നിർവഹിച്ചു. ബി.ഡി. ദേവസ്സി എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. ബെന്നി ബെഹനാൻ എം.പി മുഖ്യാതിഥിയായി. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ എ.ആർ. അജയ കുമാർ മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.എം ഡയറക്ടർ കെ.എസ്. പ്രിയ പദ്ധതി വിശദീകരണം നടത്തി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, നഗരസഭാ ഉപാദ്ധ്യക്ഷൻ വിൻസെന്റ് പാണാട്ടുപറമ്പിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ ഗീത ടീച്ചർ, പി.എം. ശ്രീധരൻ, ബിജി സദാനന്ദൻ, യു.വി. മാർട്ടിൻ, ആലീസ് ഷിബു, ഹോമിയോപ്പതി ഡയറക്ടർ എം.എൻ. വിജയാംബിക തുടങ്ങിയവർ പങ്കെടുത്തു.
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ
'' ഇന്റഗ്രേറ്റഡ് ചികിത്സാസമ്പ്രദായം ഏറെ ഫലപ്രദമാണ്. അതോടൊപ്പം നേത്രചികിത്സയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടുളള ആശുപത്രിയാണ് ചാലക്കുടിയിൽ നിർമ്മിക്കുന്നത്. ''- ഡോ. പി.ആർ. സലജ കുമാരി, ഡി.എം.ഒ, ഭാരതീയ ചികിത്സാ വകുപ്പ്.