smart

തൃശൂർ: സർക്കാരിന്റെ സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയിലുൾപ്പെടുത്തി ജില്ലയിലെ 14 വില്ലേജ് ഓഫീസുകൾ സ്മാർട്ടാകുന്നു. എറവ്, ശ്രീനാരായണപുരം, പുല്ലൂറ്റ്, അഴീക്കോട്, കാക്കുളിശ്ശേരി, ആളൂർ, കല്ലേറ്റുംകര, ചാലക്കുടി ഈസ്റ്റ്, വടക്കേക്കാട്, കണിയാർകോട്, കൊണ്ടാഴി, അഞ്ഞൂർ ഗ്രൂപ്പ്, ഒല്ലൂർക്കര, നടത്തറ എന്നീ വില്ലേജ് ഓഫീസുകളാണ് സ്മാർട്ടാകുന്നത്.

പഴയ വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ നവീകരിക്കുകയല്ല, ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസർക്കും, ജീവനക്കാർക്കും പ്രത്യേകം കാബിനുകൾ, സന്ദർശകർക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങൾ, സാധാരണ ശുചിമുറികൾക്ക് പുറമെ ഭിന്നശേഷിക്കാർക്ക് പ്രത്യേകം ശുചിമുറികളും, റാമ്പ് സൗകര്യങ്ങളും, സന്ദർശകർക്ക് സേവനം ലഭ്യമാക്കുന്നതിന് പ്രത്യേകം കൗണ്ടറുകൾ, സെർവർ റൂം, റെക്കാഡ് റൂം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകൾ നിർമ്മിക്കുന്നത്. 44 ലക്ഷം രൂപയാണ് ഒരു വില്ലേജ് ഓഫീസ് നവീകരിക്കാനായി സർക്കാർ നൽകുന്നത്.

പല വില്ലേജ് ഓഫീസുകളിലും അടിസ്ഥാന സൗകര്യങ്ങളില്ല. ഇതു സംബന്ധിച്ച പരാതികൾ വർദ്ധിച്ച സാഹചര്യത്തിലാണ് സ്മാർട്ടാക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. സംസ്ഥാനത്ത് ഇത്തരത്തിൽ 159 സ്മാർട്ട് വില്ലേജ് ഓഫീസുകളാണ് നിർമ്മാണം ആരംഭിക്കുന്നത്. ഇവ കൂടി പൂർത്തിയാകുന്നതോടെ, സംസ്ഥാനത്ത് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ എണ്ണം 305 ആകും. നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എ. സി മൊയ്തീൻ മുഖ്യാതിഥിയായി. ഉദ്ഘാടനച്ചടങ്ങുകളിൽ ചീഫ് വിപ്പ് കെ. രാജൻ, ടി.എൻ പ്രതാപൻ എം.പി, എം.എൽ.എമാരായ ബി.ഡി ദേവസി, കെ.വി അബ്ദുൾഖാദർ, പ്രൊഫ. കെ.യു അരുണൻ, ഇ.ടി ടൈസൺ മാസ്റ്റർ, മുരളി പെരുനെല്ലി, അഡ്വ. വി.ആർ സുനിൽകുമാർ, കളക്ടർ എസ്. ഷാനവാസ് എന്നിവർ പങ്കെടുത്തു.