ജീവന് ഭീഷണിയാണെന്ന് പരോൾ കഴിഞ്ഞെത്തുന്നവരുടെ ശബ്ദസന്ദേശം
തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും പരോളിലിറങ്ങിയവരെ തിരികെ പ്രവേശിപ്പിക്കുന്നതിൽ ആശങ്ക. കൊവിഡിനെ തുടർന്നാണ് പല ജയിലുകളിൽ നിന്നും തടവുകാർക്ക് പരോൾ അനുവദിച്ചത്. കാലാവധി കഴിഞ്ഞതിനെ തുടർന്ന് തിരികെ പ്രവേശിക്കാൻ നോട്ടീസ് നൽകുകയായിരുന്നു.
വിയ്യൂർ സെൻട്രൽ ജയിലിൽ 26 പേരാണ് ഇന്നലെ തിരികെയെത്തിയത്. അതേസമയം കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പരോൾ നീട്ടിവയ്ക്കണമെന്നാണ് തടവുകാരുടെ ആവശ്യം. ജില്ലാ ജയിലിൽ പത്ത് ദിവസം നിരീക്ഷണത്തിൽ പാർപ്പിച്ച ശേഷം കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് സെൻട്രൽ ജയിലിലേക്ക് മാറ്റുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ ജില്ലാ ജയിലിൽ ഒറ്റയ്ക്ക് താമസിപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ അഞ്ചും പത്തും പേർ ഒരുമിച്ചാണ് കഴിയുന്നത്. തിരികെ എത്തിയവരിൽ പലരും ഹൃദയം, വൃക്ക സംബന്ധമായ അസുഖങ്ങൾ ഉള്ളവരാണ്. ഇവരിൽ പലരും പരോൾ ലഭിച്ച് പുറത്ത് പോകുമ്പോൾ സംസ്ഥാനത്ത് തന്നെ 40 പേർക്ക് മാത്രമേ കൊവിഡ് ബാധിച്ചിരുന്നുള്ളൂ. ഇപ്പോൾ വിയ്യൂർ ജയിലിൽ മാത്രം ജീവനക്കാരടക്കം 180 ഓളം പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. ജയിലിലേക്ക് മടങ്ങുന്നത് തങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് തടവുകാർ പറയുന്നു.
പരോൾ കഴിഞ്ഞെത്തുന്നവരെ കൃത്യമായ പരിശോധനകൾക്ക് ശേഷം മാത്രമേ സെൻട്രൽ ജയിലിലേക്ക് മാറ്റുകയുള്ളു. ജയിലിൽ കൊവിഡ് വ്യാപനം കുറഞ്ഞ് വരുകയാണ്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ നെഗറ്റീവ് ആകുമെന്നാണ് കരുതുന്നത്
- സുരേഷ്, വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട്