mmm
സ്വപ്നഭൂമിയിൽ രാജേശ്വരിയും മകൻ വൈശാഖും

കാഞ്ഞാണി : കാരമുക്കിലെ അമ്മയ്ക്കും മകനും ചാഴൂർ പഞ്ചായത്തിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ഭുമിയിൽ വീടൊരുങ്ങും. കളക്ടർ ഷാനവാസും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിയും സംയുക്തമായി കല്ലിടൽ ചടങ്ങ് രാവിലെ 11ന് നിർവഹിക്കും.

തെരുവോരങ്ങളിൽ അന്തിയുറങ്ങിയിരുന്ന മണലൂർ കാരമുക്ക് വടക്കേടത്തുവീട്ടിൽ രാജേശ്വരിക്കും മകൻ വൈശാഖിനും മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടലിനെ തുടർന്ന് റവന്യൂ വകുപ്പും മണലൂർ പഞ്ചായത്തും താത്കാലിക താമസസൗകര്യം ഒരുക്കി നൽകിയിരുന്നു. വാടക കുടിശിക നൽകാത്തതിനാൽ ഫ്ലാറ്റ് ഉടമ ഒഴിയണമെന്ന് ആവശ്യപ്പെട്ട അമ്മയുടെയും മകന്റെയും ദയനീയ അവസ്ഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവിയും കളക്ടറും ഇടപെട്ടതോടെ ഭരണസമിതി തീരുമാന പ്രകാരം ബ്ലോക്ക് പഞ്ചായത്ത് അധീനതയിലുള്ള ഭൂമിയിൽ രാജേശ്വരിക്കും മകനും അവിണിശ്ശേരി പഞ്ചായത്തിലെ നിവേദ്യയെന്ന തുമ്പിക്കും വീടൊരുക്കി നൽകുന്നത്. 10 സെന്റ് ഭൂമിയിൽ നിന്ന് 6 സെന്റ് ഭൂമിയിലാണ് രണ്ട് വീടുകളാണ് ഒരുങ്ങുന്നത്.

കളക്ടർ ഷാനവാസിന്റെ അഭ്യർത്ഥന പ്രകാരം തൃശൂരിലെ മജ്‌ലിസ് ചാരിറ്റബിൾ സൊസൈറ്റിയാണ് 500 സ്ക്വയർ ഫീറ്റ് വീതമുള്ള രണ്ടു വീടുകളും നിർമ്മിച്ചുനൽകുന്നത്. വീട് നിർമ്മിക്കുന്ന നിർദ്ദിഷ്ട സ്ഥലത്ത് വർഷങ്ങൾക്ക് മുമ്പ് പ്ലാസ്റ്റിക് സംസ്കരണ ഷെഡ് നിർമ്മിക്കാൻ തീരുമാനിച്ചെങ്കിലും പരിസരവാസികളുടെ എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.