camera
തൃശൂർ ന​ഗ​ര​ത്തി​ൽ​ ​കാ​മ​റ​ക​ൾ​ ​സ്ഥാ​പി​ക്കു​ന്ന​തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ചീ​ഫ് ​വി​പ്പ് ​അ​ഡ്വ.​കെ.​രാ​ജ​ൻ​ ​നി​ർ​വ​ഹി​ക്കു​ന്നു.

തൃശൂർ: നഗരത്തിലെ 85 കേന്ദ്രങ്ങളിൽ കാമറ സ്ഥാപിച്ച്, നഗരവും പ്രാന്തപ്രദേശങ്ങളും നിരീക്ഷണത്തിലാക്കുന്നു. ഇതോടെ നഗരഹൃദയവും സമീപ പ്രദേശങ്ങളും മുഴുവൻ സമയം നിരീക്ഷണത്തിലാകും. അതിനൂതന ഇന്റർനെറ്റ് പ്രോട്ടോക്കോൾ സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി സ്ഥാപിക്കുന്ന കാമറകൾ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ തത്സമയം പൊലീസ് കൺട്രോൾ റൂമിലെത്തും. കുറ്റകൃത്യങ്ങൾ ഉണ്ടാകുകയാണെങ്കിൽ നഗരത്തിൽ റോന്തുചുറ്റുന്ന വാഹനങ്ങളിലേക്ക് തത്സമയം സന്ദേശമെത്തും.

കുറ്റകൃത്യം തടയുന്നതിനും, കുറ്റവാളികളെ കണ്ടെത്തി പിടികൂടുന്നതിനും കാമറാ ദൃശ്യങ്ങൾ പൊലീസിന് ഉപകാരപ്പെടും. അതോടൊപ്പം പ്രധാനപ്പെട്ട 13 ജംഗ്ഷനുകളിൽ ഓട്ടോമാറ്റിക്ക് നമ്പർ പ്ലേറ്റ് തിരിച്ചറിയൽ കാമറകളും സ്ഥാപിക്കും. ഇതിലൂടെ ഇതുവഴി കടന്നുപോകുന്ന മുഴുവൻ വാഹനങ്ങളുടെ ചിത്രങ്ങളും അവയുടെ നമ്പർ പ്ലേറ്റുകളും 24 മണിക്കൂറും പൊലീസിന് നിരീക്ഷിക്കുന്നതിനും സൂക്ഷിച്ചു വയ്ക്കുന്നതിനും കഴിയും.

കാമറകൾ പകർത്തുന്ന ദൃശ്യങ്ങൾ തൃശൂർ കോർപറേഷന്റെ വിവിധ സേവനങ്ങൾക്കും ഉപകാരപ്പെടും. ലോറികളിലുള്ള കുടിവെള്ള വിതരണം, ശുചീകരണ വാഹനങ്ങളുടെ സഞ്ചാരം തുടങ്ങിയവ പോകുന്ന സമയവും വഴികളും കണ്ടെത്താൻ വാഹനങ്ങളിൽ ഘടിപ്പിക്കുന്ന റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനം വഴി സാധിക്കും. ഗതാഗതക്കുരുക്കുകൾ മുൻകൂട്ടി കാണുന്നതിനും അത് പരിഹരിച്ച് ആവശ്യമെങ്കിൽ വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനും തൃശൂർ പൂരം, ഓണാഘാഷം പോലുള്ള വലിയ ജനക്കൂട്ടം എത്തിച്ചേരുന്ന അവസരങ്ങളിൽ ലൗഡ് സ്പീക്കർ അനൗൺസ്മെന്റ് സംവിധാനവും ഉണ്ട്.

പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഐ.ടി.ഐ ലിമിറ്റഡിനാണ് ചുമതല. പദ്ധതിയുടെ നിർമ്മാണോദ്ഘാടനം തൃശൂർ പൊലീസ് കൺട്രോൾ റൂം പരിസരത്ത് നടന്ന ചടങ്ങിൽ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ നിർവഹിച്ചു. മേയർ അജിത ജയരാജൻ, ഡെപ്യൂട്ടി മേയർ റാഫി ജോസ് പി, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി, കൗൺസിലർ അനൂപ് ഡേവിസ് കാട, തൃശൂർ മേഖലാ ഡി.ഐ.ജി. എസ്. സുരേന്ദ്രൻ, തൃശൂർ എ.സി.പി വി. കെ രാജു തുടങ്ങിയവർ സംബന്ധിച്ചു.