തൃപ്രയാർ: ഈ വർഷത്തെ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ എകാദശി നിറമാല ചുറ്റുവിളക്കിന് തിരിതെളിഞ്ഞു. ഡിസംബർ 11 നാണ് ഏകാദശി മഹോത്സവം. കൊവിഡ് രോഗവ്യാപനത്തിന്റെ ഭാഗമായി ഏകാദശി ആഘോഷം വേണ്ടെന്ന് വെച്ചിട്ടുണ്ട്. ഒരാനയുമായി ചടങ്ങ് മാത്രമായി ഏകാദശി ആഘോഷിക്കും. തൃപ്രയാർ ദേവസ്വം വകയായിരുന്നു ആദ്യ നിറമാല. ക്ഷേത്രം തന്ത്രി പടിഞ്ഞാറെ മനക്കൽ പത്മനാഭൻ നമ്പൂതിരിപ്പാട് ആദ്യ ദീപം തെളിച്ചു. കൊച്ചിൻ ദേവസ്വം അസി. കമ്മിഷണർ വി.എൻ സ്വപ്ന, ദേവസ്വം മാനേജർ എം. കൃഷ്ണൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.