കയ്പമംഗലം: കൊവിഡ് വ്യാപനം കൂടിയതിനെ തുടർന്ന് പത്ത് ദിവസമായി അടച്ചിട്ട കയ്പമംഗലം പഞ്ചായത്തിലെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ പിൻവലിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 20 വാർഡുകളുള്ള കയ്പമംഗലത്തെ 1, 4, 5, 9, 10, 11, 13, 15, 16, 20 എന്നീ വാർഡുകൾ തുറക്കാനും, കൊവിഡ് വ്യാപനം കൂടുതലുള്ള 2, 3, 6, 7, 8, 12, 14, 17, 18, 19 എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി തുടരാനും കളക്ടർ ഉത്തരവിട്ടു.
കൊവിഡ് വ്യാപനം കുറഞ്ഞെന്ന ആരോഗ്യ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോൺ കളക്ടർ പിൻവലിച്ചത്. പഞ്ചായത്തിൽ ചൊവ്വാഴ്ച കൊവിഡ് മൂലം ഒരാൾ മരിച്ചിരുന്നു. ഇന്നലെ ഒമ്പത് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്ന് ഒക്ടോബർ 25നാണ് കളക്ടർ കയ്പമംഗലത്തെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.