ldf

തൃശൂർ: കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായ എൽ.ഡി.എഫ് സീറ്റ് വിഭജനം രണ്ട് ദിവസത്തിനകം പൂർത്തിയാകും. ഘടകകക്ഷികളുമായി ചർച്ച പുരോഗമിക്കുകയാണ്. ഇത് പൂർത്തിയായ ശേഷമാകും സി.പി.എമ്മിലെ സ്ഥാനാർത്ഥി നിർണയത്തിന് അന്തിമ രൂപം നൽകുക. ഘടക കക്ഷികൾ കൂടുതൽ സീറ്റുകൾ വേണമെന്ന് അവകാശ വാദം ഉന്നയിച്ച് രംഗത്തെത്തിയതാണ് സീറ്റ് വിഭജനം പൂർത്തിയാകാത്തതിന് കാരണം. കേരള കോൺഗ്രസ് ജോസ്, എൽ.ജെ.ഡി എന്നീ കക്ഷികൾ കൂടി ഇക്കുറി എൽ.ഡി.എഫിൽ എത്തിയിട്ടുണ്ട്. പുതുതായി എത്തിയവർ കൂടുതൽ സീറ്റ് ചോദിക്കുന്നതാണ് തലവേദനയാകുന്നത്. അഞ്ച് സീറ്റാണ് കേരള കോൺഗ്രസ് ജോസിന്റെ ആവശ്യം. എന്നാൽ ഒരു സീറ്റ് മാത്രമേ ജോസ് വിഭാഗത്തിന് ലഭിക്കാനിടയുള്ളുവെന്നാണ് വിവരം. അയ്യന്തോൾ ഡിവിഷൻ നൽകാനാണ് ഏകദേശ ധാരണ. കേരള കോൺഗ്രസ് (ജോസ്) വിഭാഗത്തിലെ പ്രമുഖനും മുൻ കൗൺസിലറുമായ ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് ഇവിടെ മത്സരിക്കുമെന്നാണ് സൂചന. കഴിഞ്ഞ തവണ യു.ഡി.എഫ് ഘടകകക്ഷിയായിരുന്ന എൽ.ജെ.ഡി മൂന്ന് സീറ്റ് വേണമെന്ന ആവശ്യവുമായി സി.പി.എമ്മിനെ സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ തങ്ങൾ മൂന്ന് സീറ്റിൽ മത്സരിച്ചെന്നതാണ് അവകാശവാദം. എന്നാൽ ഇവർക്കും ഒരു സീറ്റ് നൽകി തൃപ്തിപ്പെടുത്താനാണ് നേതൃത്വത്തിന്റെ നീക്കം. കഴിഞ്ഞ തവണ ഒമ്പത് സീറ്റിൽ മത്സരിച്ച സി.പി.ഐയോട് രണ്ട് സീറ്റ് വിട്ടുകൊടുക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടെങ്കിലും പാർട്ടി വഴങ്ങിയിട്ടില്ല. ഒരു സീറ്റെങ്കിലും വിട്ടുകൊടുക്കണമെന്ന് സി.പി.എം വീണ്ടും ആവശ്യപ്പെടുകയാണ്. ജില്ലാതലത്തിലും പ്രശ്‌നം ജില്ലതലത്തിലും സീറ്റ് വിഭജനം പൂർത്തിയായിട്ടില്ല. പതിവുപോലെ പലയിടത്തും സി.പി.എമ്മും സി.പി.ഐയും തമ്മിലാണ് തർക്കം. അതിനിടെ കേരള കോൺഗ്രസ് ജോസ് വിഭാഗവും എൽ.ജെ.ഡിയും മുന്നണിയിൽ എത്തിയതോടെ പ്രശ്‌നം കൂടുതൽ സങ്കീർണമായി. കിട്ടിയ അവസരം മുതലെടുത്ത് തങ്ങളുടെ സീറ്റുകൾ കവരാനാണ് സി.പി.എം ശ്രമിക്കുന്നതെന്നതാണ് സി.പി.ഐയുടെ പരാതി. ഇത് രൂക്ഷമായതോടെ പല പഞ്ചായത്തുകളിലും സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടി. ഈ ആഴ്ചയോടെ പ്രക്രിയ പൂർത്തിയാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കക്ഷികളുടെ എണ്ണം കൂടിയതോടെ എല്ലാവരും വിട്ടുവീഴ്ച ചെയ്യണം എന്ന നിലപാടിലാണ് സി.പി.എം. ഈ കാഴ്ചപ്പാടോടെ പ്രാദേശികമായി ഒരിക്കൽ കൂടി ശ്രമം നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.