തൃശൂർ: മെഡിക്കൽ കോളേജിൽ കൊവിഡ് രോഗികളുടെ വാർഡിൽ വിതരണം ചെയ്ത ഭക്ഷണപ്പൊതിയിൽ കഞ്ചാവ് കണ്ട സംഭവത്തെ തുടർന്ന് കൊവിഡ് വാർഡുകളിൽ പുറത്തു നിന്ന് ഭക്ഷണം നൽകുന്നത് നിറുത്തിയതിനെതിരെ പ്രതിഷേധം. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ മറ്റ് രോഗികൾക്ക് ഏറെ ആശ്വാസമായിരുന്ന സംവിധാനം നിറുത്തിയ നടപടിയിൽ കൊവിഡ് രോഗികളും ബന്ധുക്കളും രംഗത്ത് വന്നു. കഴിഞ്ഞ ദിവസമാണ് മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ കിടക്കുന്ന പ്രതികൾക്ക് കൊണ്ടുവന്നതെന്ന് സംശയിക്കുന്ന ഭക്ഷണ പൊതിയിൽ മൂന്നു പൊതികളിലായി കഞ്ചാവ് കണ്ടെത്തിയത്. ഇത് കണ്ടെത്തിയതോടെ പുറത്തു നിന്ന് ഭക്ഷണമെത്തിക്കുന്നത് നിറുത്തി. ഇനി മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന ഭക്ഷണം കഴിച്ചാൽ മതിയെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നത്.
ഭക്ഷണം നശിപ്പിച്ചു
സർക്കാർ നൽകുന്ന ഭക്ഷണം റേഷൻ സംവിധാനം പോലെ പരിമിതമാണെന്ന ആക്ഷേപം ശക്തമാണ്. അതുകൊണ്ട് തന്നെ വീടുകളിൽ നിന്ന് ഭക്ഷണം ലഭിച്ചിരുന്നത് ആശ്വാസമായിരുന്നു. മെഡിക്കൽ കോളേജിൽ നിലവിൽ കൊവിഡ് ബാധിച്ചെത്തുന്നവർ പലരും പ്രമേഹം, വൃക്ക സംബന്ധമായ രോഗങ്ങൾ തുടങ്ങി അസുഖങ്ങളുള്ളവരാണ്. ഇത്തരക്കാർക്ക് വീട്ടിൽ നിന്നും, അവർക്ക് യോജ്യമായ വിഭവങ്ങളുള്ള ഭക്ഷണമാണ് ഒറ്റയടിക്ക് ഇല്ലാതാക്കിയത്. ഭക്ഷണം കൊണ്ടുവരാൻ പാടില്ലെന്ന ഉത്തരവ് വന്നത് അറിയാതെ കഴിഞ്ഞ ദിവസം രാത്രിയും ഇന്നലെ രാവിലെയും ഭക്ഷണം കൊണ്ടുവന്നത് അധികൃതർ മടക്കി അയക്കുകയായിരുന്നു. ചിലർ പതിവായി വയ്ക്കുന്ന സ്ഥലത്ത് രോഗിയുടെ പേരെഴുതി വെച്ചു മടങ്ങി. ഇത് പോലും അധികൃതർ നൽകാതെ കൂട്ടിയിട്ട് നശിപ്പിച്ചു.
സേവാകേന്ദ്രത്തോട് അവഗണന
കൊവിഡ് ചികിത്സയിൽ കഴിയുന്നവരുടെ രോഗവിവരം അറിയാൻ സേവാ കേന്ദ്രം ആരംഭിക്കണമെന്ന ആവശ്യം ജീവനക്കാർ ഉൾപ്പെടെ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാത്തത് പ്രതിഷേധം ഉയർത്തുന്നുണ്ട്. മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ ഭൂരിഭാഗം പേരും അത്യാസന്ന നിലയിലുള്ളവരാണ്. ഇവരുടെ രോഗവിവരം അറിയുന്നതിന് വിളിച്ചാൽ ഫോണെടുക്കാൻ പോലും ആളില്ലാത്ത സ്ഥിതി വിശേഷമാണുള്ളത്. ഇതിന് പരിഹാരമായി രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ സേവാകേന്ദ്രം തുടങ്ങിയാൽ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന നിർദ്ദേശം ഉയർന്നിട്ടും നടപടിയായിട്ടില്ല.