തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നിരിക്കെ കോർപറേഷനിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവം. ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ചകൾ പൂർത്തിയായിട്ടില്ലെങ്കിലും ഓരോ പാർട്ടിയും തങ്ങളുടെ സ്ഥാനാർത്ഥികൾ ആരാവണം എന്നത് സംബന്ധിച്ച് ചർച്ചകൾ സജീവമാക്കിയിട്ടുണ്ട്. പ്രഖ്യാപനം വന്നാൽ ഉടൻ സ്ഥാനാർത്ഥികളെ രംഗത്തിറക്കി പ്രചരണം ആരംഭിക്കുകയെന്നതാണ് ലക്ഷ്യം. നിലവിലെ കൗൺസിലിലെ പ്രമുഖർ ഇത്തവണയും മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന. അതേസമയം നിലവിലെ മേയറും മുൻ മേയറും മത്സര രംഗത്ത് ഉണ്ടായേക്കില്ല. സി.പി.എമ്മിന്റെ ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം അടുത്ത ദിവസം പൂർത്തിയാകും. യു.ഡി.എഫിൽ ഡി.സി.സി പ്രസിഡന്റ് എം.പി വിൻസന്റ് കൺവീനറായി കമ്മിറ്റി രൂപീകരിച്ചു. മുസ്ലീം ലീഗ്, കേരള കോൺഗ്രസ് (ജെ) എന്നിവർക്ക് സീറ്റ് നൽകിയേക്കും. എൻ.ഡി.എയിലും ചർച്ചകൾ സജീവമാണ്.
സി.പി.എം
സി.പി.എമ്മിൽ ഇത്തവണ പ്രമുഖ നേതാക്കൾ മത്സര രംഗത്ത് ഉണ്ടാകും. ജില്ലാ സെക്രട്ടേറിയേറ്റംഗം പി.കെ ഷാജനെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കൊണ്ട് വരാനാണ് നീക്കം. അതേസമയം മുൻ ഡെപ്യൂട്ടി മേയറും ജില്ലാ കമ്മിറ്റി അംഗവുമായ വർഗീസ് കണ്ടംകുളത്തി, അനൂപ് ഡേവിസ് കാട, അനൂപ് കരിപ്പാൽ, സുരേഷ് കുമാർ തുടങ്ങിയവരും മത്സര രംഗത്തുണ്ടാകും. ഷാജനെ കാനാട്ടുകരയിലോ, ലാലൂരോ മത്സരിപ്പിക്കാനാണ് നീക്കം. വർഗീസ് കണ്ടംകുളത്തി അഞ്ചേരിയിലേക്ക് മാറും. സി.പി.എമ്മുമായി ഇടഞ്ഞ് നിൽക്കുന്ന എം.പി ശ്രീനിവാസന് ഇക്കുറി സീറ്റ് ഉണ്ടാകില്ല. അതേസമയം കോൺഗ്രസിൽ നിന്നെത്തിയ അഡ്വ. എം.കെ മുകുന്ദനെ സ്വതന്ത്രനായി മത്സരിപ്പിച്ചേക്കും.
കോൺഗ്രസ്
കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ഉപനേതാവ് ജോൺ ഡാനിയേൽ, എ. പ്രസാദ്, ഫ്രാൻസിസ് ചാലിശേരി, അഡ്വ. സുബി ബാബു, ജയ മുത്തിപീടിക, ടി.ആർ സന്തോഷ്, ലാലി ജെയിംസ്, വത്സല ബാബുരാജ്, കരോളി ജോഷ്വോ എന്നിവരാണ് മത്സര രംഗത്തുണ്ടാകാൻ സാദ്ധ്യതയുള്ള പ്രമുഖർ. ഭരണം ലഭിച്ചാൽ ആദ്യ ടേമിൽ രാജൻ പല്ലൻ തന്നെയായിരിക്കും മേയർ. സുബി ബാബു ഡെപ്യൂട്ടി മേയറായേക്കും. മുൻ മേയർ ഐ.പി പോൾ മത്സര രംഗത്തുണ്ടാകില്ലെന്നാണ് വിവരം. മുൻ മന്ത്രി സി.എൻ ബാലകൃഷ്ണന്റെ മകൾ സി.ബി ഗീത താൻ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ബി.ജെ.പി
എൻ.ഡി.എയിൽ സീറ്റ് ചർച്ച അവസാനഘട്ടത്തിലാണ്. ബി.ജെ.പിയിലെ നിലവിലെ കൗൺസിലർമാരിൽ എം.എസ് സമ്പൂർണ്ണയും കെ. മഹേഷും ഒഴിച്ച് ബാക്കി എല്ലാവരും മത്സര രംഗത്ത് ഉണ്ടാകാനാണ് സാദ്ധ്യത. കോട്ടപ്പുറം പട്ടികജാതി സംവരണം ആയതോടെ അവിടെ ജയിച്ച പൂർണ്ണിമ സുരേഷ് തേക്കിൻകാട് ഡിവിഷനിലെത്തിയേക്കും. ജില്ലാ വൈസ് പ്രസിഡന്റ് സുരേന്ദ്രൻ ഐനിക്കുന്നത്ത്, ഡോ.വി. ആതിര (പൂങ്കുന്നം) എന്നിവരും മത്സരിക്കും. വി. രാവുണ്ണി, വിൻഷി അരുൺകുമാർ, ലളിതാംബിക, മുൻ കൗൺസിലർമാരായ എ. പ്രസാദ്, വിനോദ് പൊള്ളാഞ്ചേരി എന്നിവരും മത്സര രംഗത്തുണ്ടാകും. ബി.ഡി.ജെ.എസിൽ നിന്നും നിരവധി പ്രമുഖർ മത്സര രംഗത്തുണ്ടാകും.
സി.പി.ഐ
സി.പി.ഐയിൽ മുൻ ഡെപ്യൂട്ടി മേയർ ബീന മുരളി, സാറാമ്മ റോബ്സൺ എന്നിവർ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.