വാടാനപ്പിള്ളി: പഞ്ചായത്ത് ജനകീയാസൂത്രണം 2020 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ 20 കിലോ വാട്ട് സോളാർ പ്ലാന്റ് സ്ഥാപിച്ചതിന്റെ ഉദ്ഘാടനം മന്ത്രി എം.എം മണി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിച്ചു.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പഞ്ചായത്ത് ഇ.എം.എസ് ഹാളിൽ നടന്ന ചടങ്ങിൽ മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടുക്കുംഞ്ചേരി, വൈസ് പ്രസിഡന്റ് ഷക്കീല ഉസ്മാൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എ അബു, ഓമന മധുസൂദനൻ, സി.ബി സുനിൽകുമാർ, സെക്രട്ടറി എം.എഫ് ജോസ് എന്നിവർ സംസാരിച്ചു. 15 കിലോ വാട്ട് ഓൺഗ്രിഡ് സോളാർ സിസ്റ്റവും (നേരിട്ട് വൈദ്യുതി കെ.എസ്.ഇ.ബിക്ക് നൽകുന്ന പദ്ധതി), 5 കിലോ വാട്ട് ഓഫ്ഗ്രിഡ് സിസ്റ്റവും (പഞ്ചായത്തിലെയും അനുബന്ധ സ്ഥാപനങ്ങളുടെയും ആവശ്യത്തിന് ഉപയോഗിക്കുന്നതിന്) അടങ്ങുന്ന പദ്ധതിയുടെ ഒന്നാംഘട്ടമായ 15 കിലോ വാട്ട് ഓൺഗ്രിഡ് പാനലുകൾ 7.56 ലക്ഷം രൂപ ചെലവഴിച്ച് അനർട്ട് തൃശൂരിന്റെ സാങ്കേതിക സഹായത്തോടെ വാട്‌സൻ എനർജി സൊല്യൂഷൻസ് തിരുവനന്തപുരം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പ്രവൃത്തി പൂർത്തീകരിച്ചത്.