defibering

മാള: അന്നമനട പഞ്ചായത്തിലെ വെണ്ണൂര്‍പ്പാടം പട്ടികജാതി ഡീ ഫൈബറിംഗ് വര്‍ക്കേഴ്സ് വ്യവസായ സഹകരണ സംഘം പ്രതാപകാലം തിരിച്ചു പിടിക്കാനൊരുങ്ങുന്നു. 2017ലെ കയര്‍ പുനഃസംഘടനാ പദ്ധതിയുടെ തുടര്‍ച്ചയായുള്ള നവീകരണ പ്രവര്‍ത്തനത്തിന്റെ ചുവടു പിടിച്ചാണ് സംഘം അതിജീവനത്തിന് ഒരുങ്ങുന്നത്. ഓട്ടോമാറ്റിക് സ്പിന്നിംഗ് ഡീഫൈബറിംഗ് കമ്പനികളില്‍ ഉള്‍പ്പെട്ട സംഘത്തിൻ്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. മന്ത്രി ഡോ. തോമസ് ഐസക് അദ്ധ്യക്ഷനായി. മുകുന്ദപുരം താലൂക്കില്‍ മാള ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 1993 ല്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ച സംഘത്തില്‍ ആദ്യകാലത്ത് തൊണ്ട് തല്ലല്‍ മാത്രമാണുണ്ടായിരുന്നത്. അന്ന് എട്ട് തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. സംഘത്തിന് സ്വന്തമായുള്ള 78.3 സെൻ്റ് സ്ഥലവും കെട്ടിടവും എസ്.സി.പി ഫണ്ട് ഉപയോഗിച്ചാണ് സ്വന്തമാക്കിയത്. ലാഭകരമായി വ്യവസായം മുന്നോട്ടു പോയി. പിന്നീട് വ്യവസായം നഷ്ടത്തിലായി. കൂടുതല്‍ തൊണ്ട് അടിക്കാന്‍ പറ്റാതാവുകയും യന്ത്രങ്ങള്‍ സമയാസമയങ്ങളില്‍ അറ്റകുറ്റപ്പണി ചെയ്യാന്‍ സാധിക്കാതാവുകയും ചെയ്തു. 2006 മുതല്‍ പ്രവര്‍ത്തനം നിലച്ചു. തുടര്‍ന്ന് 2020ല്‍ സര്‍ക്കാര്‍ റീഫര്‍ബിഷ് ചെയ്ത ഡീഫൈബറിംഗ് മില്‍ സ്ഥാപിച്ചു. മണിക്കൂറില്‍ 1,500 തൊണ്ടോ അല്ലെങ്കില്‍ ദിനംപ്രതി 10,000 തൊണ്ടോ പ്രോസസിംഗ് ചെയ്യാവുന്ന യന്ത്രങ്ങളാണ് ഇപ്പോള്‍ സംഘത്തില്‍ സ്ഥാപിച്ചത്. നിലവില്‍ സംഘത്തില്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ജോലി ചെയ്തു വരുന്നു. ആകെ 35 അംഗങ്ങളുമുണ്ട്. മുന്‍ എം.എല്‍.എ ടി.യു രാധാകൃഷ്ണന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. കയര്‍ വികസന വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി പത്മകുമാര്‍, ഡയറക്ടര്‍ കെ.എസ് പ്രദീപ് കുമാര്‍ എന്നിവര്‍ ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കയര്‍ പ്രോജക്ട് ഓഫീസര്‍ സി.ആര്‍ സോജന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. നിര്‍മ്മല്‍ സി. പത്താടന്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഇ. കേശവന്‍കുട്ടി, അന്നമനട പഞ്ചായത്ത് പ്രസിഡൻ്റ് ടെസി ടൈറ്റസ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രവർത്തന ചരിത്രം ഇങ്ങനെ