അന്തിക്കാട്: സ്വന്തമായി ഭൂമിയും വീടുമില്ലാതെ കഴിഞ്ഞിരുന്ന വൈശാഖിനും നിവേദ്യയെന്ന തുമ്പിക്കും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂമിയിൽ വീടൊരുങ്ങും. ഗുരുവായൂരിലെ തെരവോരങ്ങളിൽ അന്തിയുറങ്ങുകയും തെരുവ് വിളക്കിന്റെ കീഴിലിരുന്ന് പഠിക്കുകയും ചെയ്തിരുന്ന മണലൂർ പഞ്ചായത്ത് കാരമുക്ക് സ്വദേശി വൈശാഖിനും, അവിണിശ്ശേരി പഞ്ചായത്തിൽ പുറമ്പോക്കിൽ ചോർന്നൊലിക്കുന്ന കൂരയിൽ കഴിഞ്ഞിരുന്ന തുമ്പി എന്ന നിവേദ്യയ്ക്കുമാണ് വീടുകൾ നിർമിച്ച് നൽകുക. ഇതിനായി ചാഴൂർ പഞ്ചായത്തിലെ കുഞ്ഞാലിക്കലിൽ ഇരുവർക്കും മൂന്ന് സെന്റ് വീതം ഭൂമി നൽകി. വൈശാഖ് കണ്ടശ്ശാംകടവ് മുണ്ടശ്ശേരി ഗവ. എച്ച്.എസ്.എസിലെ ഒമ്പതാം തരം വിദ്യാർത്ഥിയും, തുമ്പി പെരിഞ്ചേരി എ.യു.പി സ്‌കൂളിലെ ആറാം തരം വിദ്യാർത്ഥിനിയുമാണ്.
അച്ചാച്ചനും അമ്മാമ്മയ്ക്കും ഒപ്പമാണ് നിവേദ്യ താമസിക്കുന്നത്. വീടുകൾ നിർമിക്കുന്നതിനായി സ്‌പോൺസർമാരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും ഉടൻതന്നെ തുടർ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം ബ്ലോക്ക് പഞ്ചായത്തിൽ തന്നെ നിലനിറുത്തി വീട് നിർമ്മിച്ച് നൽകുന്നതിനുള്ള സമ്മതപത്രം കളക്ടർ എസ്. ഷാനവാസ് ഉപഭോക്താക്കൾക്ക് കൈമാറി.
ബ്ലോക്ക് പഞ്ചായത്തിന് കൈമാറി കിട്ടിയ വസ്തുവകകൾ വിൽക്കാനോ, കൈമാറ്റം ചെയ്യാനോ, അന്യാധീനപ്പെടുത്താനോ, കടപ്പെടുത്താനോ അധികാരമില്ലാത്തതിനാലാണ് ഭൂമിയുടെ ഉടമസ്ഥാവകാശം ബ്ലോക്ക് പഞ്ചായത്തിൽ തന്നെ നിലനിറുത്തുന്നത്. കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി, ജില്ലാ പഞ്ചായത്ത് മെമ്പർ സി.ജി മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എൽ ജോസ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.എൻ സുർജിത്ത്, മണലൂർ വാർഡ് മെമ്പർ ജോയ്‌മോൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോളി, മുൻ പി.ടി.എ പ്രസിഡന്റ് ടി. വിശ്വംഭരൻ, വാർഡ് കൺവീനർ സി.എം മുരളി എന്നിവർ പങ്കെടുത്തു.