തൃപ്രയാർ: വലപ്പാട് ഉപജില്ലയിലെ അദ്ധ്യാപകരുടെ കൂട്ടായ്മയിൽ ഒരുക്കുന്ന വിഭവങ്ങൾ നാട്ടികയിലെ ലുലു കൊവിഡ് ചികിത്സാ കേന്ദ്രത്തിലെ രോഗികൾക്ക് ആശ്വാസം പകരുന്നു. ചികിത്സാ കേന്ദ്രം ആരംഭിച്ചത് മുതൽ മുടങ്ങാതെ എല്ലാ ദിവസവും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ ഷിഫ്റ്റുകളിലായി പത്തോളം അദ്ധ്യാപകരാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭക്ഷണ ധാന്യങ്ങളും പച്ചക്കറികളും, പഴവർഗ്ഗങ്ങളും ഉദാരമതികൾ സ്പോൺസർ ചെയ്യുന്നവയും മറ്റും തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ വച്ച് തരം തിരിക്കുകയും വരവ് ചെലവ് കണക്ക് രേഖപ്പെടുത്തി സൂക്ഷിക്കുന്നതിനും തുടക്കം കുറിച്ചത് പി. രമേശൻ, ബാസ്റ്റിൻ, ജിജോ തമ്പി, ഷൈൻ, ശ്രീനാഥ് തുടങ്ങിയ അദ്ധ്യാപകരുടെ നേതൃത്വത്തിലാണ്. ഇപ്പോൾ അദ്ധ്യാപികമാരായ രചന ജിഷി, നിഷ, ജെൻസി, ബിന്ദു, സരിത തുടങ്ങിയവരാണ് കൂട്ടായ്മ മുന്നോട്ടു കൊണ്ടുപോകുന്നത്.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റും സി.എഫ്.എൽ.ടി.സി ചെയർപേഴ്സനുമായ എം.ആർ സുഭാഷിണി, വലപ്പാട് എ.ഇ.ഒ വി.കെ നാസർ, സൂപ്രണ്ട് ജസ്റ്റിൻ തോമസ് എന്നിവർ അദ്ധ്യാപകർക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകി വരുന്നു. രോഗികൾക്കായി ഇത്തരമൊരു സജ്ജീകരണം ഒരുക്കുന്നത് കേരളത്തിൽ ഒരു പക്ഷേ ആദ്യമായിരിക്കുമെന്നും കൊവിഡിൻ്റെ വ്യാപനം അവസാനിക്കും വരെ ഈ രംഗത്ത് സജീവമായിത്തന്നെ തുടരുമെന്നും ഇവർ പറഞ്ഞു.