ഗുരുവായൂർ: കിഴക്കെ നടയിലെ റെയിൽവേ മേൽപ്പാലത്തിന്റെ ടെൻഡർ നടപടികൾക്ക് സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതോടെ മേൽപ്പാല നിർമാണത്തിനുള്ള സാങ്കേതിക തടസങ്ങളെല്ലാം നീങ്ങിയതായി കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അറിയിച്ചു. പാലം വരുന്നതോടെ ഗുരുവായൂർ - തൃശൂർ റോഡിലെ റെയിൽവേ ഗേറ്റ് സൃഷ്ടിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരമാകും. പുതിയ രൂപരേഖയനുസരിച്ച് മേൽപ്പാലത്തിന് 10.15 മീറ്റർ വീതിയും 517. 32 മീറ്റർ നീളവും ഉണ്ടാകും. വാഹനങ്ങൾ കടന്നു പോകുന്നതിന് 7.5 മീറ്റർ വീതിയിൽ റോഡ് ഉണ്ട്. ഇരുവശത്തും 1.5 മീറ്ററിൽ നടപ്പാതയുമുണ്ട്. നാലു മീറ്റർ വീതിയിൽ സർവീസ് റോഡും നിർമിക്കും. പാലത്തിനുള്ള ഭൂമിയേറ്റെടുത്ത് രേഖകൾ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.