തൃശൂർ : സി.പി.എം ബി.ജെ.പിയുമായി ഒത്തുകളിച്ചാണ് മാസ്റ്റർപ്ലാൻ അട്ടിമറിച്ചതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ. അബ്ദുറഹ്മാൻ കുട്ടി. സ്വരാജ് റൗണ്ടിന് ചുറ്റുമുള്ള പൈതൃക മേഖല അട്ടിമറിക്കും, പുഴക്കൽ പാടത്ത് ബസ് സ്റ്റാൻഡിനായി അടയാളപ്പെടുത്തിയിരുന്ന സ്ഥലം സ്വകാര്യവ്യക്തി കെട്ടിടത്തിന് അനുമതി നൽകിയും ഉൾപ്പെടെ മാസ്റ്റർ പ്ലാൻ അട്ടിമറികളിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൗൺസിലർമാർ കോർപറേഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാവിലെ 9 മണി മുതൽ വൈകീട്ട് ആറ് വരെയായിരുന്നു സത്യാഗ്രഹം. കൗൺസിലർമാർ രണ്ട് മണിക്കൂർ ഇടവിട്ട് നടത്തിയ റിലേ സത്യാഗ്രഹത്തിൽ മുഴുവൻ കോൺഗ്രസ് കൗൺസിലർമാരും പങ്കെടുത്തു. മുൻ മേയറും, പ്രതിപക്ഷ നേതാവുമായ രാജൻ ജെ. പല്ലൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ: ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയേൽ, എ. പ്രസാദ്, കൗൺസിലർമാരായ അഡ്വ. സുബി ബാബു, ടി.ആർ. സന്തോഷ്, ഫ്രാൻസിസ് ചാലിശ്ശേരി, കരോളി ജ്വോഷ, ജയ മുത്തിപീടിക തുടങ്ങിയവർ പ്രസംഗിച്ചു.
കേരളം സ്ത്രീ പ്രാതിനിദ്ധ്യം കൂടുതലുള്ള
സംസ്ഥാനം: മന്ത്രി കെ.ടി ജലീൽ
തൃശൂർ : സമൂഹത്തിലെ എല്ലാ മേഖലകളിലും സ്ത്രീ പ്രാതിനിദ്ധ്യം ഉറപ്പു വരുത്താൻ ശ്രമിക്കുന്ന രാജ്യത്ത് സ്ത്രീകൾ ഏറ്റവുമധികം മുന്നിലുള്ളത് കേരളത്തിലാണെന്ന് മന്ത്രി കെ.ടി ജലീൽ. കുട്ടനെല്ലൂരിൽ പുതുതായി നിർമ്മിച്ച സെവൻ കേരള ഗേൾസ് ബറ്റാലിയൻ എൻ.സി.സി ഓഫീസിന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.സി കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണറോടു കൂടി ആരംഭിച്ച ചടങ്ങിൽ എറണാകുളം എൻ.സി.സി ഗ്രൂപ്പ് കമ്മേഡോർ ആർ.ആർ അയ്യർ, കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എൻ. രാജ്കുമാർ, സെവൻ കേരള ഗേൾസ് ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ ജെ. ആന്റണി എന്നിവർ പങ്കെടുത്തു.