തൃശൂർ : രാജ്യത്താദ്യമായി നെൽവയൽ ഉടമകൾക്കുള്ള റോയൽറ്റി വിതരണം സംസ്ഥാനത്ത് നിലവിൽ വന്നു. ഇനി മുതൽ ഹെക്ടറിന് ഓരോ സാമ്പത്തിക വർഷവും 2,000 രൂപ നിരക്കിൽ റോയൽറ്റി നൽകും. പദ്ധതിയുടെ വിതരണോദ്ഘാടനം തൃശൂർ പ്ലാനിംഗ് ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു.
സംസ്ഥാന സർക്കാർ കാർഷിക മേഖലയുടെ വളർച്ച ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാർഷിക മേഖലയ്ക്ക് ഒപ്പം കർഷകരെയും സംരക്ഷിച്ച് കൃഷിയെ ഒരു സംസ്‌കാരമായി വളർത്തിയെന്നും കാർഷിക മേഖലയുടെ വളർച്ച ഉറപ്പാക്കാൻ സുഭിക്ഷ കേരളം, ജീവനി പോലുള്ള ബൃഹദ് പദ്ധതികളും ആവിഷ്‌ക്കരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷിക രംഗത്ത് യന്ത്രവത്കരണം കൂടുതൽ ജനകീയമായി നടപ്പിലാക്കിയതോടെ മികച്ച രീതിയിലുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കി. മന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, കെ. കൃഷ്ണൻകുട്ടി, എ.കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.സി മൊയ്തീൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് കെ. രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കൃഷി അഡീഷണൽ ഡയറക്ടർമാരായ ഡോ. രാജേന്ദ്രലാൽ, കെ. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ് മാത്യു ഉമ്മൻ, ഡെപ്യൂട്ടി ഡയറക്ടർമാരായ വി.ആർ നരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. കൃഷി വകുപ്പ് സെക്രട്ടറി ഡോ. രത്തൻ യു. ഖേൽക്കർ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ് സ്വാഗതവും കൃഷി ഡയറക്ടർ ഡോ. വാസുകി നന്ദിയും പറഞ്ഞു. റോയൽറ്റിക്കുള്ള അപേക്ഷ www.aims.kerala.gov.in എന്ന പോർട്ടലിൽ ഓൺലൈനായി സമർപ്പിക്കണം.
900 പേർക്ക് കൊവിഡ്
തൃശൂർ : സംസ്ഥാനത്തെ കൊവിഡ് രോഗ കണക്കിൽ വീണ്ടും ജില്ല ഒന്നാം സ്ഥാനത്ത്. ഇന്നലെ 900 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 1,032 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,763 ആണ്. തൃശൂർ സ്വദേശികളായ 90 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 44,017 ആണ്. 33,911 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ വ്യാഴാഴ്ച സമ്പർക്കം വഴി 880 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ ഏഴ് ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 6 പേർക്കും, രോഗ ഉറവിടം അറിയാത്ത 7 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 71 പുരുഷന്മാരും 62 സ്ത്രീകളും പത്ത് വയസിന് താഴെ 33 ആൺകുട്ടികളും 30 പെൺകുട്ടികളുമുണ്ട്.