ചാലക്കുടി: കായിക രംഗത്തെ ഉയർച്ച ലക്ഷ്യമിട്ട് സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി ഇ.പി. ജയരാജൻ. കിഫ്ബി ഫണ്ടിൽ നിന്നും 10 കോടി രൂപ ചെലവഴിച്ച് ചാലക്കുടിയിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക രംഗത്ത് ആയിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയത്. 43 ഇൻഡോർ സ്റ്റേഡിയങ്ങളും 33 നീന്തൽ കുളങ്ങളും നിരവധി ഫിസിക്കൽ കേന്ദ്രങ്ങളും തുടങ്ങി. കായിക താരങ്ങൾക്കും മികച്ച പ്രോത്സാഹനങ്ങൾ നൽകിവരുന്നു. എല്ലാ സന്തോഷ് ട്രോഫി താരങ്ങൾക്കും സർക്കാർ ജോലി നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബി.ഡി.ദേവസി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, കായിക യുവജന കാര്യ വകുപ്പ് ഡയറക്ടർ ജെറോമിക് ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.