ചാലക്കുടി: ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ നാഷണൽ ഹൈവേ അതോറിറ്റിയിയുടെ കീഴിൽ വരുന്ന റോഡുകളുടെ വികസനം സംബന്ധിച്ച വിഷയങ്ങൾ ബെന്നി ബഹനാൻ എം.പി, നാഷണൽ ഹൈവേ അതോറിട്ടി മെമ്പർ പ്രൊജക്ട് ആർ.കെ. പാണ്ഡെയുമായി ചർച്ച നടത്തി. മണ്ഡലം വഴി കടന്നുപോകുന്ന വിവിധ ദേശീയപാതകളുടെ വികസനം സംബന്ധിച്ച നിർദേശങ്ങൾ തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഡയറക്ടർക്ക് കൈമാറി.
ദേശീയപാത 85ൽ ഗതാഗത തടസം ഒഴിവാക്കുന്നതിന് വർഷങ്ങൾക്ക് മുൻപ് നിർദേശിക്കപ്പെട്ട് കാലങ്ങളായി പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന തൃപ്പൂണിത്തുറ ബൈപാസിന്റെ നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ ബൈപാസിനുവേണ്ടി സ്ഥലം ഒഴിഞ്ഞുകൊടുത്ത ഭൂവുടമകൾക്ക് എത്രയും വേഗം നഷ്ടപരിഹാരം കൈമാറി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കണം. ദേശീയാപാത അതോറിറ്റിയുടെ പരിഗണനയിലുള്ള ഭാരത് മാല, സാഗരമാല പദ്ധതികളിൽ ഉൾപ്പെടുത്തി തൃപ്പൂണിത്തുറ ബൈപാസ് യാഥാർത്ഥ്യമാക്കി നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നും എം.പി ആവശ്യപ്പെട്ടു.
ദേശീയപാത 544 ലെ ചാലക്കുടി അടിപ്പാതയുടെ നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കുകയും, സർവീസ് റോഡുകൾ പൂർത്തീകരിക്കാത്ത സ്ഥലങ്ങളിൽ അവ പൂർത്തീകരിക്കുന്നതിനും, ഇടപ്പള്ളി മുതൽ കൊടകര വരെയുള്ള ഭാഗങ്ങളിൽ തകർന്നു കിടക്കുന്ന ദേശീയപാതയുടെ ഭാഗങ്ങൾ യഥാസമയം അറ്റകുറ്റപ്പണികൾ തീർത്തു ഗതാഗതയോഗ്യമാക്കി നിലനിറുത്തുന്നതിന് വേണ്ട കർശന നിർദേശം കരാറുകാർക്ക് നൽകണമെന്നും എം.പി ആവശ്യപ്പെട്ടിട്ടുണ്ട്.