കയ്പമംഗലം: സഹകരണ രംഗത്ത് മികച്ച പ്രവർത്തനത്തിന് ദേശീയ തലത്തിൽ നൽകുന്ന സുഭാഷ് യാദവ് പുരസ്‌കാരം വീണ്ടും കരസ്ഥമാക്കി പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക്.
നാലാം വട്ടമാണ് ബാങ്കിനെ ഈ അവാർഡ് തേടിയെത്തുന്നത്. ഗ്രാമീണ മേഖലയിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനൊപ്പം കാർഷിക മേഖലയിലും, സോളാർ, എൽ.ഇ.ഡി ലൈറ്റ് നിർമ്മാണം, വിപണനം തുടങ്ങിയ സംരംഭം നടപ്പിലാക്കിയും സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന വിധത്തിൽ നിക്ഷേപ സമാഹരണത്തിലുമൊക്കെ മികവ് പുലർത്തുന്ന ഈ ബാങ്ക് മാതൃകാപരമായ നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കി കൊണ്ടിരിക്കുന്നുണ്ട്.
പതിറ്റാണ്ടുകളായി ഇടത് പാർട്ടികളുടെ നിയന്ത്രണത്തിൽ തുടരുന്ന ബാങ്കിനെ ഇ.കെ ബിജു, സി.കെ ഗോപിനാഥൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നയിക്കുന്നത്. ദീർഘകാലം സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തിച്ച് ബാങ്കിനെ പുരോഗതിയിലേക്ക് നയിച്ച ആർ.എ മുരുകേശൻ നിലവിൽ ടെക്‌നിക്കൽ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നുണ്ട്