covid

തൃശൂർ: ജില്ലയിൽ കൊവിഡ് വ്യാപനം പിടിച്ചുനിറുത്താൻ സാധിക്കാത്തവിധം വർദ്ധിക്കുന്ന സാഹചര്യത്തിൽ കടുത്ത നടപടികളുമായി ആരോഗ്യ വകുപ്പ്. ആഴ്ചകളായി ആയിരത്തിന് മുകളിലും ആയിരത്തിന് താഴെയുമായി രോഗികളുടെ എണ്ണം ജില്ലയിൽ കൂടിവരികയാണ്. ഇതോടൊപ്പം മരണസംഖ്യയും വർദ്ധിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആളുകൾ കൂടുതലായി രംഗത്തിറങ്ങാൻ സാദ്ധ്യതയുള്ളതിനാൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ ഗുരുതര പ്രശ്‌നത്തിലേക്ക് നീങ്ങുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിന്റെ ഭാഗമായാണ് 1939ലെ മദിരാശി പൊതുജനാരോഗ്യനിയമം, 1955ലെ തിരുകൊച്ചി പൊതുജനാരോഗ്യനിയമം എന്നിവ പ്രകാരം കൊവിഡ്19 'നോട്ടിഫൈഡ് ഡിസീസ്' ഗണത്തിൽപെടുത്തി സർക്കാർ ഇറക്കിയ വിജ്ഞാപനം ജില്ലയിൽ പ്രയോഗിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ തീരുമാനിച്ചിരിക്കുന്നത്.

ഇതുപ്രകാരം രോഗബാധയ്ക്ക് കാരണമാകുന്ന പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് ഹെൽത്ത് ഓഫീസർമാർക്ക് അധികാരമുണ്ട്.

രോഗബാധ കൂടിവരുന്ന സാഹചര്യത്തിൽ പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ജില്ലയിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആരോഗ്യ വകുപ്പിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ഹെൽത്ത് സൂപ്പർവൈസർമാർ, എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെയും മെഡിക്കൽ ഓഫീസർമാർ എന്നിവർക്കാണ് കേസെടുക്കാൻ ചുമതല.

പൊതുജനാരോഗ്യ നിയമലംഘന വകുപ്പുകളോടോപ്പം ഇന്ത്യൻ ശിക്ഷാനിയമത്തിലെ പകർച്ചവ്യാധി നിയന്ത്രണ വകുപ്പുളും ചേർത്താണ് കേസെടുക്കുക.
ഇതുപ്രകാരം, അറിഞ്ഞുകൊണ്ട് കൊവിഡ് രോഗപ്പകർച്ചയ്ക്ക് കാരണമാകുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ കിട്ടാവുന്ന തരത്തിലാണ് കോടതിയിൽ കേസ് ഫയൽ ചെയ്യുന്നത്. കൂടാതെ ഗുരുതര വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കാം.