cpim

തൃശൂർ: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഉണർന്ന് രാഷ്ട്രീയ പാർട്ടികൾ. സ്ഥാനാർത്ഥികൾ ആരെല്ലാമെന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ കഴിഞ്ഞെങ്കിലും തീയതി വന്നതോടെ വരും ദിവസങ്ങളിൽ ചിത്രങ്ങൾ തെളിയും. തൃശൂർ കോർപറേഷൻ ഭരണം നിലനിറുത്തേണ്ടത് അനിവാര്യമായിരിക്കെ ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ തേടിയുള്ള അലച്ചിലിലാണ് കോർപറേഷൻ സി.പി.എം നേതൃത്വം.

ജയത്തിന് വേണ്ടി ചിഹ്നം ഉപേക്ഷിച്ചാലും കുഴപ്പില്ലായെന്ന നിലപാടിലാണ് സി.പി.എം. പാർട്ടി സ്ഥാനാർത്ഥികൾക്കപ്പുറം സ്വതന്ത്രരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നേരിടുകയാണ് ലക്ഷ്യം. കോൺഗ്രസിൽ നിന്നും രാജിവച്ച് കൂടെ കൂട്ടിയ എം.കെ. മുകുന്ദനെ കൂടാതെ, കോൺഗ്രസ് വിമതനായി മത്സരിച്ച് ഇടതുപക്ഷത്തേക്ക് മാറിയ കുട്ടിറാഫിയും നേരത്തെ സ്വതന്ത്രരായി മത്സരിച്ച സി.പി. പോളി, എം.എൽ. റോസി എന്നിവർക്കും സീറ്റ് കരുതിയിട്ടുണ്ട്. ഇവർക്കെല്ലാം സ്വതന്ത്രവേഷം നൽകാനാണ് തീരുമാനം.

പാർട്ടി ചിഹ്നത്തിൽ ഇത്തവണ മത്സരിക്കുന്നവർ 20 സീറ്റിന് താഴേക്ക് മാത്രമേ ഉണ്ടാകൂ. ഘടകകക്ഷികളിൽ സി.പി.ഐക്ക് കഴിഞ്ഞ തവണ ഒമ്പത് സീറ്റ് നൽകിയിരുന്നു. ഇത്തവണയും ഈ സീറ്റിൽ മാറ്റം വരുത്തുന്നില്ല. എൽ.ജെ.ഡി, ജെ.ഡി.എസ് കക്ഷികൾക്ക് രണ്ട് വീതവും, എൻ.സി.പി, കേരള കോൺഗ്രസ് (എം) പാർട്ടികൾക്ക് ഓരോന്നും നൽകുന്നതിന് തീരുമാനമായിട്ടുണ്ട്. ഐ.എൻ.എൽ അടക്കമുള്ള മറ്റ് കക്ഷികളും പരിഗണനാ പട്ടികയിലുണ്ട്.
യു.ഡി.എഫിൽ രണ്ട് സീറ്റ് മുസ്‌ലിം ലീഗിനും ഒരെണ്ണം കേരള കോൺഗ്രസിനും(ജെ) നൽകാനാണ് പ്രാഥമികധാരണ. എന്നാൽ രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തിലാണ് കേരള കോൺഗ്രസ്. സി.എം.പിയും ജനതാദൾ ജോൺ ജോൺ വിഭാഗവും സീറ്റ് ആവശ്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി കോൺഗ്രസിലും യു.ഡി.എഫിലും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കക്ഷികളുമായുള്ള ചർച്ചകൾക്ക് ശേഷമാകും യു.ഡി.എഫ് കമ്മിറ്റി പ്രവർത്തനം തുടങ്ങുക. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളുടെ സമിതികൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാൾ 34,000 വോട്ടുകൾ കൂടുതലാണ്.