തൃപ്രയാർ: നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച പുതിയ വലപ്പാട് ഗവ. ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ഗീത ഗോപി എം.എൽ.എ നിർവഹിക്കും. നാല് കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്.
ഗീത ഗോപി എം.എൽ.എ മുഖാന്തരം തീര വികസന കോർപറേഷനിൽ നിന്നും 1.55 കോടിയും, ആസ്തി വികസന ഫണ്ടിൽ നിന്ന് 80 ലക്ഷം രൂപയും, ലോക ബാങ്കിന്റെ 72 ലക്ഷം രൂപയും, പഞ്ചായത്തിന്റെ ഓരോ വർഷത്തെയും പദ്ധതി വിഹിതം 90 ലക്ഷവുമാണ് നിർമ്മാണത്തിനായി ചെലവഴിച്ചത്.
ഇതോടെ ജില്ലയിലെ എറ്റവും വലിയ ആയുർവേദ ആശുപത്രിയായി ഇത് മാറും. അഞ്ച് പേർക്ക് വീതം കിടക്കുന്നതിനുള്ള എട്ട് വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഫിസിയോതെറാപ്പി, പഞ്ചകർമ്മ സൗകര്യം ഉൾപ്പെടെ നിരവധി സൗകര്യങ്ങൾ എർപ്പെടുത്തിയിട്ടുണ്ട്.
1986ലാണ് ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴിൽ ആശുപത്രി നിലവിൽ വന്നത്. 2001ൽ 20 ബെഡുള്ള ആശുപത്രിയായി ഉയർത്തി. പിന്നീട് മൂന്ന് മുറികളോടു കൂടിയ പേ വാർഡ് നിലവിൽ വന്നു. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയുടെ രൂപീകരണത്തോടെയാണ് വികസനം സാധ്യമായതെന്ന് ജനപ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗീത ഗോപി എം.എൽ.എ, വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. തോമസ് മാസ്റ്റർ, വൈസ് പ്രസിഡന്റ് ബീന അജയഘോഷ്, ആശുപത്രി ഡി.എം.ഒ: എസ്. ജയദീപ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.