തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റി. കോൺഗ്രസിന്റെ എല്ലാ മണ്ഡലം പ്രസിഡന്റുമാരേയും തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ഉൾപ്പെടുത്തണമെന്ന കെ.പി.സി.സിയുടെ നിർദ്ദേശം ജില്ലാ കോൺഗ്രസ് കമ്മിറ്റി പാലിക്കാത്തതിൽ പ്രതിഷേധിച്ചാണിത്. കോൺഗ്രസിന്റെ ജില്ലാ നേതൃത്വം പട്ടികജാതി വിഭാഗക്കാരെ ഒരു കമ്മിറ്റിയിലും ഉൾപ്പെടുത്താതെ ജാതി വിവേചനം കാണിക്കുകയാണെന്ന് ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.കെ. ബാബുരാജ് ആരോപിച്ചു. മണ്ഡലം സബ് കമ്മിറ്റിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൺവീനറും മഹിളാ കോൺഗ്രസ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരും ദളിത് കോൺഗ്രസ് ആദിവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാർ നിർദ്ദേശിക്കുന്ന മണ്ഡലത്തിലെ ഒരു പ്രതിനിധിയും ഉൾപ്പെടെ ഒൻപത് അംഗങ്ങളടങ്ങിയതായിരിക്കണം മണ്ഡലം സബ് കമ്മിറ്റിയെന്നായിരുന്നു കെ.പി.സി.സിയുടെ നിർദ്ദേശം. ഇത് പാലിച്ചില്ലെന്നായിരുന്നു ദളിത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ പരാതി.