congress

തൃശൂർ: മൂന്ന് തവണ മത്സരിച്ചവർ മാറി നിൽക്കണമെന്നും ലോക് ഡൗൺ കാലം അവസരമായി കണ്ട് റിവേഴ്സ് ക്വാറന്റൈനിൽ ഇരുന്നവർ സ്ഥാനാർത്ഥി മോഹവുമായി കറങ്ങി നടക്കാതെ വീണ്ടും ക്വാറന്റൈനിൽ പോകണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രമേയം. യൂത്ത് കോൺഗ്രസ്, തിരഞ്ഞെടുപ്പിൽ ആവശ്യപ്പെടുന്ന സീറ്റുകളിലേക്കുള്ള പ്രതിനിധികളെ ജില്ലാ കമ്മിറ്റി നിർദേശിക്കാനും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.

40 ശതമാനം സീറ്റ് യുവാക്കൾക്കും പുതുമുഖങ്ങൾക്കും മാറ്റിവയ്ക്കണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം അംഗീകരിച്ചു. ലോക് ഡൗൺ കാലഘട്ടത്തെ അവസരമായി കണ്ട് വീടുകളിൽ ഒതുങ്ങി ഇരുന്നവർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ റിവേഴ്സ് ക്വാറന്റൈനിൽ നിന്ന് പുറത്തുവരുന്നത് സ്ഥാനാർത്ഥി മോഹവുമായിട്ടാണെങ്കിൽ അവരെ തിരികെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുന്നതായിരിക്കും പാർട്ടിക്കും മുന്നണിക്കും ഗുണകരമാവുകയെന്ന് പ്രമേയം പറയുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജെറോൺ ജോൺ പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് അഡ്വ. ഒ.ജെ. ജെനീഷ് അദ്ധ്യക്ഷനായി.