പാവറട്ടി: പെരുവല്ലൂർ പരപ്പുഴ പാലം പുനർനിർമ്മാണം ആരംഭിച്ചു. പൂവ്വത്തൂർ അമല പി.ഡബ്ല്യു.ഡി റോഡിലെ പെരുവല്ലൂർ പരപ്പുഴ പാലത്തിന്റെ നിർമ്മാണമാണ് മുരളി പെരുനെല്ലി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് തുടങ്ങിയത്. ഏകദേശം 60 വർഷത്തിലധികം പഴക്കമുള്ള പാലം നിലവിൽ 21.50 മീറ്റർ നീളവും 6 മീറ്റർ വീതിയുമാണുള്ളത്. അത് പൊളിച്ച് 38.35 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പുതിയ പാലം തൽസ്ഥാനത്ത് നിർമ്മിക്കും. പാലം 12.50 മീറ്റർ നീളത്തിൽ മൂന്ന് സ്പാനിൽ 7.50 മീറ്റർ കാര്യേജ്വേയും ഇരുഭാഗത്തും 1.50 മീറ്റർ ഫൂട്പാത്ത് ഉൾപ്പടെയാണ് നിർമ്മിക്കുന്നത്. 3.87 കോടിരൂപ ചെലവ് വരുന്ന പാലം 12 മാസം കൊണ്ട് പൂർത്തിയാക്കുമെന്ന് മുരളി പെരുനെല്ലി എം.എൽ.എ പറഞ്ഞു.
പാലത്തിന്റെ നിർമ്മാണ സമയത്ത് വാഹനങ്ങളുടെ ഗതാഗതത്തിന് താൽക്കാലിക റോഡ് നിർമ്മിച്ചു നൽകുന്നതിനും പാലത്തിന്റെ ഇരുവശവും 50 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ് വീതികൂട്ടുന്നതിനും വൈദ്യുതി തൂണുകൾ, ടെലഫോൺ കേബിളുകൾ, കുടിവെള്ള പൈപ്പുകൾ എന്നിവ മാറ്റി സ്ഥാപിക്കുന്നതിനുമുള്ള തുകയും വകയിരുത്തിയിട്ടുണ്ട്. പൂവ്വത്തൂർ കടാന്തോട് റോഡ് ബി.എം.ബി.സി ചെയ്യുന്ന സമയത്ത് എം.എൽ.എ ഇടപെട്ട് നടത്തിയ സർവേയെ തുടർന്ന് പരപ്പുഴ പാലത്തിനു സമീപം നല്ലവീതിയിൽ സ്ഥലം ലഭിച്ചിരുന്നു. അതിനാൽ താൽക്കാലിക റോഡിനുവേണ്ടി സ്ഥലത്തിന്റെ ബുദ്ധിമുട്ടുണ്ടായില്ല. വാഹന ഗതാഗതം അധികമുള്ള റോഡിൽ പാലം വീതികൂട്ടുന്നതോടെ യാത്രയും എളുപ്പമാകും.
പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എൽ.എ നിർവ്വഹിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി.ബെന്നി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുല്ലശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ മുഖ്യാതിഥിയായി. പി.ഡബ്ലിയു.ഡി. അസി.എൻജിനിയർ കെ.പി. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജ്, പി.ഡബ്ലിയു.ഡി അസി.എൻജിനിയർ എം.പി. രാജൻ എന്നിവർ സംസാരിച്ചു.
..................................................
വാർത്ത ഫലം കണ്ടു
പരപ്പുഴ പാലത്തിന്റെ ജീർണ്ണാവസ്ഥയെക്കുറിച്ച് കേരളകൗമുദി വാർത്ത നൽകിയിരുന്നു. വാർഷിക അറ്റകുറ്റപണികൾ ചെയ്യാതെ പാലത്തിന്റെ കൽകെട്ടുകളിൽ വൻ ആൽമരം വളർന്നു നിൽക്കുന്ന ചിത്രമടക്കമുള്ള വാർത്തയെ തുടർന്ന് പി.ഡബ്ല്യു.ഡി ഇരു ഭാഗത്തും വളർന്നു വലുതായ ആൽമരത്തിന്റെ കൊമ്പ് മുറിച്ചു കളഞ്ഞിരുന്നു. തായ് മരം മാറ്റണമെങ്കിൽ പാലത്തിന്റെ കൽക്കെട്ട് പൊളിക്കേണ്ടി വരും. ഈ അവസ്ഥയിലാണ് പരപ്പുഴ പാലം പുനർനിർമ്മിക്കാൻ പി.ഡബ്ല്യു.ഡി നിർബന്ധിതമായത്.