തൃശൂർ: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയ കമ്മിറ്റികളിൽ ജില്ലയിലെ ഏക എം.എൽ.എ ആയ അനിൽ അക്കരയെ ഉൾപ്പെടുത്തിയില്ല. ഇതിനെതിരെ പാർട്ടിയിൽ ചൂടേറിയ ചർച്ച. ജില്ലയിലെ ഏക കോൺഗ്രസ് എം.എൽ.എയും ഇപ്പോൾ ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സർക്കാരിനെ പ്രതിസന്ധിയിലാക്കി സംസ്ഥാന തലത്തിൽ ശ്രദ്ധ നേടി നിറഞ്ഞു നിൽക്കുന്ന എം.എൽ.എയെ ഒഴിവാക്കിയത് ഇതിനകം പാർട്ടി വേദികളിൽ ചർച്ചയായി. താനുമായി കൂടിയാലോചിക്കുന്നില്ലെന്നും അവഗണിക്കുന്നുവെന്നും സമിതിയുണ്ടാക്കിയത് താൻ അറിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഡി.സി.സി ഓഫീസിൽ നേതാക്കളോട് എം.എൽ.എ പരുഷമായി പ്രതികരിച്ചുവെന്നാണ് വിവരം.
ഡി.സി.സിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ജില്ലാ സമിതിയും കോർപ്പറേഷൻ സമിതിയുമാണ് രൂപവത്ക്കരിച്ചത്. രണ്ട് സമിതികളുടെയും കൺവീനർ ഡി.സി.സി പ്രസിഡന്റ് ആണ്. ടി.എൻ.പ്രതാപൻ എം.പിയെ സമിതിയിൽ ഉൾപ്പെടുത്തിയപ്പോഴാണ് ജില്ലയിലെ ഏകെ എം.എൽ.എയെ ഉൾപ്പെടുത്താതിരുന്നത്. ജില്ലാ സമിതിയിൽ ഡി.സി.സി പ്രസിഡന്റ് എം.പി വിൻസെന്റ്, ടി.എൻ.പ്രതാപൻ എം.പി, പത്മജാ വേണുഗോപാൽ, കെ.കെ.കൊച്ചുമുഹമ്മദ്, ഒ.അബ്ദുറഹിമാൻകുട്ടി, എം.പി.ജാക്സൺ, ജോസഫ് ചാലിശേരി, ജോസഫ് ടാജറ്റ് എന്നിവരും കോർപ്പറേഷൻ സമിതിയിൽ എം.പി വിൻസെന്റ്, കെ.പി.വിശ്വനാഥൻ, തേറമ്പിൽ രാമകൃഷ്ണൻ, പി.എ.മാധവൻ, ഐ.പി.പോൾ, രാജൻ പല്ലൻ, കെ.ഗിരീഷ്‌കുമാർ എന്നിവരുമാണ് അംഗങ്ങൾ. മുനിസിപ്പൽ, ബ്ളോക്ക്, മണ്ഡലം സമിതികൾ വേറെയുമുണ്ട്. എം.പി, എം.എൽ.എ എന്നത് നോക്കിയല്ല സമിതിയുണ്ടാക്കിയതെന്നും ഒഴിവാക്കിയതല്ലെന്നും കെ.പി.സി.സിയാണ് സമിതി അംഗീകരിച്ച് നൽകിയതെന്നുമാണ് നേതാക്കൾ പറഞ്ഞത്. നേരത്തെ രമ്യഹരിദാസിന് കാറു വാങ്ങുന്നതിന് കൂപ്പൺ പിരിവെടുക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അനിൽ അക്കര വിമർശനമുന്നയിച്ചിരുന്നു. ഇത് നേതാക്കൾക്കിടയിൽ തന്നെ കടുത്ത പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. അതിന്റെ പ്രതികാരം ഇപ്പോൾ മുല്ലപ്പള്ളി തീർത്തതാവുമെന്ന പരിഹാസം ഗ്രൂപ്പ് നേതാക്കൾ ഉയർത്തുന്നുണ്ട്. അനിൽ അക്കര പാർട്ടിയുമായി കൂടിയാലോചിച്ചല്ല പരിപാടികൾ സംഘടിപ്പിക്കുന്നതെന്നും സ്വന്തം ഇമേജിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും മുതിർന്ന നേതാക്കൾ ഉൾപ്പെടെ വിമർശനമുന്നയിച്ചിരുന്നു. ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തിൽ സജീവമായിരുന്ന പ്രവർത്തകർ ഇപ്പോൾ പിറകിലേക്ക് പോവുകയും ചെയ്തു. താൻ പരാതി നൽകിയാണ് സി.ബി.ഐ കേസെടുത്തതെന്ന അവകാശവാദത്തിൽ വിഷയം സംസ്ഥാനതലത്തിൽ ചർച്ചയായപ്പോൾ, സർക്കാരും സി.പി.എമ്മും വലിയ പ്രതിസന്ധിയിലാവുകയും അനിൽ അക്കര സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാവുകയും ചെയ്തു. എന്നാൽ ഫ്ളാറ്റ് നിർമ്മാണം യൂണിടാക്ക് നിറുത്തിവെച്ചതോടെ ലൈഫ് മിഷൻ അപേക്ഷകരുടെ സ്വപ്നം തകർത്തുവെന്ന പ്രചരണം ശക്തമായതാണ് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെ പിറകോട്ടടിപ്പിക്കാൻ കാരണമായത്. സി.പി.എമ്മിന്റെ നേതൃത്വത്തിൽ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ പ്രതിഷേധ പരിപാടികൾ നടക്കുകയാണ്. ഫ്ളാറ്റ് നിർമ്മാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് അനിൽ അക്കരയുടെ ഉപവാസ സമരം തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ സ്ഥാനാർത്ഥി നിർണയ സമിതിയിൽ നിന്നും ഏക എം.എൽ.എയെ ഒഴിവാക്കിയത് കോൺഗ്രസിൽ സജീവ ചർച്ചയാണ്.