ചാവക്കാട്: മിനിഗൾഫ് എന്നറിയപ്പെടുന്ന ചാവക്കാട് മേഖലയിൽ തെരഞ്ഞെടുപ്പ് രംഗം ഉണരുന്നു. മുന്നണികൾ സീറ്റ് വിഭജനത്തിലേക്കും, സ്ഥാനാർത്ഥി നിർണ്ണയത്തിലേക്കും കടന്നിട്ടില്ലെങ്കിലും പ്രാഥമിക ധാരണകളിൽ പാർട്ടികളെത്തിയിട്ടുണ്ട്. ഹാട്രിക് ഭരണ തുടർച്ചയാണ് സി.പി.എം ലക്ഷ്യമിടുന്നത്. എന്നാൽ ഇത്തവണ ചിത്രം മാറുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. എന്നാൽ അത്ഭുതങ്ങൾ കാട്ടാൻ തങ്ങൾക്ക് കെൽപ്പുണ്ടെന്ന് തെളിയിക്കാനാണ് ബി.ജെ.പിയുടെ ശ്രമങ്ങൾ.
തുടർച്ചയായ മൂന്ന് തവണയായി 15 വർഷമായി ചാവക്കാട് നഗരസഭ ഭരിക്കുന്നത് സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. 2005ൽ ചെയർമാനായിരുന്ന കെ.പി. വത്സലൻ 2006 ഏപ്രിൽ 16ന് കുത്തേറ്റ് മരിച്ചതിനെ തുടർന്ന് പിന്നീട് നഗരസഭാദ്ധ്യക്ഷനായി എം.ആർ. രാധാകൃഷ്ണനെ തിരഞ്ഞെടുത്തു. പിന്നീട് 2010 ലും സി.പി.എം ഭരണം തുടർന്നു. നഗരസഭാദ്ധ്യക്ഷയായി എ.കെ. സതീരത്‌നം അധികാരമേറ്റു. 2015ൽ എൻ.കെ. അക്ബറിന്റെ സാരഥ്യത്തിൽ സി.പി.എം വീണ്ടും അധികാരം നിലനിറുത്തി.
മികച്ച വികസന പ്രവർത്തനങ്ങളുടെ പ്രോഗസ് കാർഡുമായാണ് സി.പി.എം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലുള്ള ആധിപത്യം തന്നെയാണ് സി.പി.എമ്മിന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം. അതേസമയം തുടർച്ചയായ ഭരണം വികസന മുടിപ്പ് സൃഷ്ടിച്ചുവെന്ന് ആരോപിക്കുന്ന കോൺഗ്രസ് ഈ പ്രചരണം ശക്തമായി ഉയർത്തുന്നുമുണ്ട്. സി.പി.എമ്മിന്റെ പടിഞ്ഞാറൻ മേഖലയിലെ ഉരുക്ക് കോട്ടകളിൽ വിള്ളൽ വീഴ്ത്താനാകുമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു. സംഘടനാ ദൗർബല്ല്യങ്ങൾ പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോയാൽ ഭരണം തിരിച്ച് പിടിക്കാനാകുമെന്നും പ്രതീക്ഷിക്കുന്ന കോൺഗ്രസ് ഗ്രൂപ്പ് പോര് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് മേഖലയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്.
ബി.ജെ.പിക്കും ഇക്കുറി പ്രതീക്ഷകളേറെയാണ്. ഭരണ, പ്രതിപക്ഷത്തിന്റെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി വോട്ട് ചോദിക്കുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തങ്ങൾക്കും നേട്ടം സ്വന്തമാക്കാനാകുമെന്നാണ് ബി.ജെ.പിയുടെ വിശ്വാസം. അതിനുള്ള പ്രവർത്തനങ്ങൾ ശക്തിക്രേന്ദങ്ങളിൽ ബി.ജെ.പി തുടങ്ങിയിട്ടുണ്ട്. ഒരു മാസം മുമ്പ് തന്നെ നഗരസഭ 18, 22 വാർഡുകളിൽ ബി.ജെ.പി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. മൂന്നുമുന്നണികളും ഒരുങ്ങി ഇറങ്ങുന്നതിനാൽ ഇക്കുറി ചാവക്കാടിന്റെ മണ്ണിൽ അതിശക്തമായ രാഷ്ട്രീയ പോരിനാണ് കളമൊരുങ്ങുന്നത്.
......................................
നിലവിലെ സീറ്റ് നില
എൽ.ഡി.എഫ്- 21
യു.ഡി.എഫ്- 11
എൽ.ഡി.എഫിൽ: സി.പി.എം 20, സി.പി.ഐ ഒന്ന്
യു.ഡി.എഫിൽ: കോൺഗ്രസ് ഒൻപത്, കേരള കോൺഗ്രസ് ഒന്ന്, മുസ്‌ലിം ലീഗ് ഒന്ന്
ബി.ജെ.പിക്ക് നിലവിൽ നഗരസഭയിൽ പ്രാതിനിധ്യമില്ല.