തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി മുന്നണികളിലെ സീറ്റ് വിഭജനചർച്ചകൾ രണ്ടു ദിവസത്തിനകം പൂർത്തിയായേക്കും. തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളുടെ ചിത്രവും തെളിയും. ചിഹ്നങ്ങളും ചുവരെഴുത്തുകളുമായി പാർട്ടിനേതാക്കളും പ്രവർത്തകരും രാവും പകലും കൊവിഡ് വ്യാപനഭീതിയ്ക്കിടയിലും പ്രചാരണവഴികളിൽ സജീവം. സാമൂഹിക മാദ്ധ്യമങ്ങളിലും പ്രചാരണം ചൂടുപിടിച്ചു. ജില്ലയിലെ മൊത്തം 86 പഞ്ചായത്തുകളിൽ 67 എണ്ണത്തിലും ഭരണം എൽ.ഡി.എഫിനാണ്. ജില്ലാപഞ്ചായത്തും കോർപറേഷനും ബ്ലോക്ക് പഞ്ചായത്തുകളിൽ 16ൽ 13 എണ്ണവും നഗരസഭകളിൽ ഏഴിൽ ആറും ഇടതുമുന്നണിയുടെ കൈകളിലാണ്. ഈ കണക്കുകളിലും തദ്ദേശസ്ഥാപനങ്ങളിലെ വികസനപ്രവർത്തനങ്ങളിലുമാണ് അവരുടെ ആത്മവിശ്വാസവും പ്രതീക്ഷയും. എന്നാൽ ഭരണവിരുദ്ധ വികാരവും വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് നിർമ്മാണം അടക്കമുളള വിവാദങ്ങളും തങ്ങൾക്ക് അനുകൂലമാകുമെന്നും താഴെത്തട്ടുകളിൽ മുന്നണി ശക്തമായെന്നുമാണ് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിൽ നടന്ന ഗുണ്ടാരാഷ്ട്രീയ കൊലപാതകങ്ങളും പ്രാദേശികപ്രശ്‌നങ്ങളും പ്രചാരണവിഷയങ്ങളിൽ ഇടം പിടിക്കും. ചില തദ്ദേശസ്ഥാപനങ്ങളിൽ തലനാരിഴയ്ക്ക് നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാനാകുമെന്ന് എൻ.ഡി.എ ഉറച്ച് വിശ്വസിക്കുന്നു. അവിണിശേരി പഞ്ചായത്തിൽ മാത്രമാണ് ഭരിക്കുന്നതെങ്കിലും ചില തദ്ദേശസ്ഥാപനങ്ങളിൽ മുഖ്യപ്രതിപക്ഷസ്ഥാനത്തുണ്ട്.
''കോർപ്പറേഷനിലും നഗരസഭകളിലും ജില്ലാ പഞ്ചായത്തിലും അടക്കം രണ്ട് ദിവസത്തിനുള്ളിൽ സീറ്റ് വിഭജനചർച്ചകൾ പൂർത്തിയാകും. എല്ലാ ഘടകകക്ഷികളേയും പരിഗണിക്കും. എൽ.ഡി.എഫ് എന്ന നിലയിൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
എം.എം വർഗീസ്
ജില്ലാ സെക്രട്ടറി
സി.പി.എം.
''അതത് ഡിവിഷനുകളിൽ സ്ഥാനാർത്ഥി നിർണ്ണയ സമിതികൾ ചേർന്നു വരികയാണ്. യു.ഡി.എഫിന്റെ സംസ്ഥാനതല തീരുമാനങ്ങൾ താഴേത്തട്ടുകളിൽ കൃത്യമായി നടപ്പാക്കുന്നുണ്ട്
ജോസഫ് ചാലിശേരി
ജില്ലാ ചെയർമാൻ
യു.ഡി.എഫ്
'' എല്ലായിടത്തും സീറ്റ് വിഭജനം പൂർത്തിയാക്കി. പ്രഖ്യാപനം ഇന്ന് മുതൽ ഉണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് ബി.ജെ.പി.യ്ക്ക് ഉണ്ടായത്. ജില്ലയിലെ മൊത്തം വാർഡുകളിൽ മൂന്നിൽ ഒന്നിലേറെ ഇടങ്ങളിൽ ജയിച്ച് ഏറ്റവും വലിയ മുന്നണിയായി മാറും.
അഡ്വ. കെ.കെ അനീഷ്‌കുമാർ
ജില്ലാ പ്രസിഡന്റ്
ബി.ജെ.പി.
ഭരണകൂടവും ഒരുങ്ങി
ജില്ലാ കളക്ടറാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ. ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വരണാധികാരിയും കളക്ടറാണ്. എ.ഡി.എം. സഹവരണാധികാരിയും. കോർപറേഷനിൽ ഒന്നുമുതൽ 28 വരെയുള്ള ഡിവിഷനുകളുടെ വരണാധികാരി ഡിവിഷണൽ വനം ഓഫീസറാകും. 29 മുതൽ 55 വരെ ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരുമാണ്. ഓരോ ഡിവിഷനിലും/വാർഡിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറക്കുന്നത് വരണാധികാരിയാണ്. ചാവക്കാട് മുനിസിപ്പാലിറ്റിയുടെ വരണാധികാരി തൃശൂർ ആർ.ഡി.ഒയാണ്. മറ്റു മുനിസിപ്പാലിറ്റികളുടെ വരണാധികാരി ഡെപ്യൂട്ടി കളക്ടറോ ജില്ലാതല ഓഫീസർമാരോ ആയിരിക്കും. പഞ്ചായത്തുകളുടെ വരണാധികാരി ഗസറ്റഡ് ഓഫീസർമാരായിരിക്കും. ഉയർന്നതലത്തിലുള്ള ഗസറ്റഡ് ഓഫീസർമാരാകും ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി.