മാള: കൊവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചുള്ള നിയന്ത്രണങ്ങൾ ലംഘിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് പതിവ് പോലെ ആഘോഷമാക്കിയാൽ പിടി വീഴും. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവിൽ വന്നെങ്കിലും കൊവിഡ് പ്രോട്ടോകോൾ നിയന്ത്രണങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. തിരഞ്ഞെടുപ്പിനായുള്ള പ്രത്യേക മാർഗ നിദേശങ്ങൾ അടുത്ത ദിവസം ആരോഗ്യവകുപ്പ് ഉത്തരവായി ഇറക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പിനുള്ള പെരുമാറ്റ ചട്ടത്തേക്കാൾ പ്രധാനം ഇത്തവണ കൊവിഡ് പ്രോട്ടോകോളിന് ഉണ്ടാകണമെന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ വാദം. തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കും കർശന നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന തരത്തിലുള്ള പെരുമാറ്റച്ചട്ടം തന്നെ ആരോഗ്യവകുപ്പ് പുറത്തിറക്കാനാണ് ആലോചിക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് ഇതിനകം ഉണ്ടായിട്ടുണ്ട്.
ഓണാഘോഷത്തിനടക്കം നിയന്ത്രണങ്ങൾ പാലിക്കാത്തതിന്റെ അനുഭവം കൂടി ആരോഗ്യവകുപ്പ് കാണുന്നുണ്ട്. തിരഞ്ഞെടുപ്പിന്റെ പേരിൽ സ്ഥാനാർത്ഥികൾക്കും പാർട്ടി പ്രവർത്തകർക്കും യഥേഷ്ടം കൂട്ടം കൂടാനും യോഗങ്ങൾ സംഘടിപ്പിക്കാനും കഴിയില്ല. പൊതുവെ പതിവിൽ നിന്ന് വിപരീതമായി തിരഞ്ഞെടുപ്പ് രംഗം ശോകമാകാനാണ് സാദ്ധ്യത. ആഘോഷങ്ങളും ആളെ കൂട്ടലും ഇല്ലാതായാൽ സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പ് ചെലവ് ഗണ്യമായി കുറയുമെന്നാണ് കണക്കാക്കുന്നത്. അതേസമയം സമൂഹ മാദ്ധ്യമങ്ങളെ പ്രയോജനപ്പെടുത്തുന്നത് ഇത്തവണ വർദ്ധിക്കും. അതിനാൽ അക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂടുതൽ നിരീക്ഷണവും നടപടികളും കർശനമാക്കുമെന്നാണ് സൂചന.
പ്രാദേശികമായി അടുത്തിടെ രൂപം കൊണ്ട ആയിരക്കണക്കിന് സമൂഹ മാദ്ധ്യമങ്ങൾ പണം വാങ്ങി വാർത്തകൾ നൽകുന്നതും കർശന നിരീക്ഷണത്തിന്റെ പരിധിയിൽ വരും.
കമന്റ്:
തിരഞ്ഞെടുപ്പിന് പാലിക്കേണ്ട കൊവിഡ് പ്രോട്ടോകോൾ സംബന്ധിച്ചുള്ള മാർഗ നിദേശങ്ങൾ സംസ്ഥാന തലത്തിൽ ഉണ്ടായേക്കും. എന്തായാലും എല്ലാവർക്കും ഒരേപോലെ കൊവിഡ് പ്രോട്ടോകോൾ ബാധകമായിരിക്കും. അത് ലംഘിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും. അതിനാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിനൊപ്പം ഈ നിയന്ത്രണങ്ങളും പാലിക്കണം.
- ഡോ. കെ.ജെ. റീന, ഡി.എം.ഒ, തൃശൂർ