കാഞ്ഞാണി: കഴുത്തിൽ ബെൽറ്റ് കുടുങ്ങി മരണവെപ്രാളം കാണിച്ച നായക്ക് പ്ലസ് ടു വിദ്യാർത്ഥിയുടെ കരുതലിൽ ജീവൻ തിരിച്ചുകിട്ടു. കാരമുക്ക് ശ്രീ ചിദംബരക്ഷേത്രത്തിലെ കുട്ടിശാന്തിയും ഇതേസ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ വിഷ്ണു ഷാജന്റെ മൃഗസ്‌നേഹമാണ് തെരുവിൽ ഉപേക്ഷിക്കപ്പെട്ട നായയ്ക്ക് തുണയായത്.
കഴുത്തിൽ ബെൽറ്റ് കുടുങ്ങി മരണവെപ്രാളം കാണിച്ച നായ കാരമുക്ക് എസ്.എൻ.ജി.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അഭയം തേടി. കഴുത്തിലെ ബെൽറ്റ് അഴിച്ചുമാറ്റാൻ വിഷ്ണു ഷാജൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബെൽറ്റ് കുടുങ്ങിയതിനെ തുടർന്ന് പഴുപ്പ് തുടങ്ങിയിരുന്നു. ഇതു കണ്ട വിഷ്ണുഷാജൻ മൃഗഡോക്ടർ രേഖയെ കൊണ്ടു വന്നെങ്കിലും നായക്ക് വേദന സഹിക്കാനാകുന്നുണ്ടായിരുന്നില്ല. തളിക്കുളത്തുള്ള ആനിമൽസ് കെയർ സൊസൈറ്റി പ്രവർത്തകരെ ഡോ. രേഖ വിളിച്ചതിനെ തുടർന്ന് അവരെത്തി നായയുടെ കഴുത്തിലെ ബെൽറ്റ് അറുത്തെടുത്തു. പിന്നീട് മൃഗഡോക്ടർ കഴുകി മരുന്നുപുരട്ടി ജീവൻ രക്ഷിച്ചു. നാലു ദിവസം കൂടി നായയെ പരിചരിക്കേണ്ടതിനാൽ വിഷ്ണു ഷാജൻ തന്നെയാണ് നിർവഹിക്കുന്നത്. ആനിമൽസ് സ്‌ക്വാഡിന് രമേഷ് പി.ആർ, സൈലേഷ് കടുവത്ത്, അജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.