വാടാനപ്പിള്ളി: സംസ്ഥാന സർക്കാരിന്റെ പ്രളയ ആശ്വാസ ഫണ്ട് 20 ലക്ഷം രൂപ ചെലവഴിച്ച് ചേറ്റുവ ചിപ്‌ളിമാട് പ്രദേശത്തേക്ക് 2650 മീറ്റർ നിളത്തിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചു. ഇതോടെ എല്ലാവർക്കും കുടിവെള്ളം എന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമായി. ഇതോടൊപ്പം അടുത്ത വാർഡായ ബംഗ്‌ളാവ് കടവ്, വഞ്ചിക്കടവ് പ്രദേശത്തേക്കും 1500 മീറ്റർ പുതിയ പൈപ്പ് ലൈൻ ദീർഘിപ്പിക്കും. പൊക്കൊളങ്ങര പോളക്കൻ സെന്റർ മുതൽ ഫിഷറീസ് സ്‌കൂൾ വരെ പുതിയ ലൈൻ ദീർഘിപ്പിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കി. ഇതോടെ ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ പടിഞ്ഞാറൻ മേഖലയിലെ കുടിവെള്ള പ്രശ്‌നം പൂർണമായും പരിഹരിക്കാൻ കഴിയും. കെ.പി അബ്ദുൾ ഖാദർ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ ജ്യോതിലാൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ബീന ശശാങ്കൻ, സിന്ധു സന്തോഷ്, ഇന്ദിര സുധീർ, എ.ബി. ബൈജു എന്നിവർ സംസാരിച്ചു.