തൃശൂർ. പരാതിക്കാരൻ പോലും അറിയാതെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ അപേക്ഷ നൽകിയതായി പരാതി. അവണ്ണൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലാണ് നിരവധി പേരുടെ വോട്ടുകൾ നീക്കം ചെയ്യാൻ അപേക്ഷ നൽകിയിരിക്കുന്നത്. വർഷങ്ങളായി സ്ഥലത്തുള്ളവരും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തവരുമായ പലരോടും പേര് നീക്കം ചെയ്യാതിരിക്കാൻ നേരിട്ട് ഹാജരാക്കണം എന്ന് കാണിച്ചു നോട്ടീസ് നൽകിയിരിക്കുകയാണ്. എന്തെങ്കിലും കാരണവശാൽ ഇവർക്ക് ഹാജരാകാൻ സാധിച്ചില്ലെങ്കിൽ ഇത്തവണത്തെ വോട്ട് നഷ്ടപെടും. ഒരു വാർഡിൽ ഇത്തരത്തിൽ 50 ഓളം പേരുടെ പേരുകളാണ് നീക്കം ചെയ്യാൻ അപേക്ഷ നൽകിയത്. പരാതി നൽകിയവർ ഇതു സംബന്ധിച്ച് തങ്ങൾക്ക് അറിയില്ലെന്ന് പറഞ്ഞു. വോട്ട് നീക്കം ചെയ്യപെട്ടവയിൽ ഭൂരിഭാഗവും ബി.ജെ.പിയുടെ വോട്ടുകൾ ആണെന്ന് നേതാക്കൾ ആരോപിച്ചു. നീക്കം ചെയ്യാതിരിക്കണമെങ്കിൽ നേരിട്ട് ഹാജരാകാനുള്ള അവസാന തിയതി 9നാണ്.