അന്തിക്കാട്: പാടശേഖര സമിതിയുടെ കീഴിലുള്ള കാഞ്ഞാൻ കോൾപ്പടവിലെ ഏകദേശം 205 ഏക്കർ വരുന്ന കൃഷിയിടം തരിശിടാനുള്ള നീക്കത്തിൽ നിന്നും കർഷകർ പിൻമാറി. തരിശിടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൺ യോഗത്തിലാണ് എല്ലാവരും കൃഷിയിറക്കുന്നതിന് തീരുമാനിച്ചത്.

കഴിഞ്ഞ തവണ കൃഷിയിറക്കാൻ വൈകിയത് മൂലം വിളവിനെ ബാധിച്ചിരുന്നു. ഇതാണ് ഇക്കുറി തരിശിടണമെന്ന് കർഷകർ വാദിച്ചതിന് കാരണം. യോഗത്തിൽ അസി. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡോ. വിവൻസി, അന്തിക്കാട് കൃഷി ഓഫീസർ, മണലൂർ കൃഷി ഓഫീസർ, അന്തിക്കാട് പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

യോഗത്തിലെ മറ്റ് തീരുമാനങ്ങൾ

1. കാഞ്ഞാൻ കോൾ പടവിലെ 10 കർഷകർ, മണലൂർ - അന്തിക്കാട് കൃഷി ഓഫീസർമാർ, അന്തിക്കാട് പടവ് ഭാരവാഹികൾ എന്നിവരടങ്ങുന്ന ഗ്രൂപ്പിന്റെ നിർദ്ദേശപ്രകാരം അന്തിക്കാട് പാടശേഖര കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിപ്പണി നടത്തണം

2. നവംബർ 6 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ കർഷകർ ഞാറ്റടി തയ്യാറാക്കണം.

3. ശനി, ഞായർ ദിവസങ്ങളിൽ പാടശേഖര കമ്മിറ്റിയുടെ ഗോഡൗണിൽ നിന്നും ഒരു കിലോ വിത്തിന് 3 രൂപ നിരക്കിൽ വിത്ത് ലഭിക്കും.

4. അതിഥി തൊഴിലാളികളുടെ കാര്യത്തിൽ പ്രാദേശിക തീരുമാനം എടുക്കണം