ചാലക്കുടി: നായാട്ടുകുണ്ടിൽ ചന്ദനമരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച സംഘത്തിൽപ്പെട്ട ബാക്കി പ്രതികളെ കണ്ടെത്താനുള്ള വനപാലകരുടെ ശ്രമങ്ങൾ തുടരുന്നു. വനപാലകരുമായി ഏറ്റുമുട്ടിയ സംഘത്തിലെ രണ്ടു പേരെ പിടികൂടാനാണ് ശ്രമം. പിടിയിലായ ഒരാളെ ചോദ്യം ചെയ്‌തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. ഇനിയുള്ളവരെ പിടിച്ചാൽ സംഭവ സ്ഥലത്തു നിന്നും ഓടിപ്പോയവരെക്കുറിച്ച് അറിയാൻ കഴിയുമെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്.
ബുധനാഴ്ച രാത്രിയാണ് വെള്ളിക്കളങ്ങരക്കുടുത്ത നായാട്ടുകുണ്ടിൽ മൂന്നു ചന്ദനമരങ്ങൾ മുറിച്ചുകടത്താൻ ശ്രമം നടന്നത്. മുറിച്ച മരങ്ങളുടെ കാതൽ ഭാഗങ്ങൾ വെട്ടിയെടുത്ത് ചാക്കിലാക്കി കൊണ്ടു പോകുന്നതിനിടെയാണ് വനപാലകരെത്തി സംഘവുമായി ഏറ്റുമുട്ടിയത്. സംഭവത്തിൽ ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന് നിസാരമായി പരിക്കേൽക്കുകയും ചെയ്തു. കഷണങ്ങളാക്കിയ ചന്ദനമരങ്ങൾ കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥർ നാടൻ തോക്കും കണ്ടെടുത്തു.