kaadar

മാള: ആനക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി അതിരപ്പിള്ളി വാഴച്ചാൽ വനമേഖലയിൽ 20 ഏക്കർ സ്ഥലത്തെ മരം മുറിച്ചുനീക്കാൻ ശ്രമം. പദ്ധതിക്കെതിരെ പരിസ്ഥിതി സാമൂഹിക രംഗത്തുള്ളവരും തൊഴിലും ജീവിതവും വഴിമുടക്കുമെന്ന ആശങ്കയിൽ പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ബഫർ സോണിൽപെട്ട ഈ പ്രദേശത്തെ കാടർ ആദിവാസികളും പ്രതിഷേധവുമായി രംഗത്ത്.
കേരള ഷോളയാർ ജലവൈദ്യുത പദ്ധതിയുടെ പവർഹൗസിൽ നിന്ന് പുറത്ത് വരുന്ന വെള്ളം, വീണ്ടും ഒരു ടണലിലൂടെയും ടർബൈനിലൂടെയും കടത്തിവിട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാണ് ആനക്കയം ചെറുകിട ജലവൈദ്യുത പദ്ധതി ലക്ഷ്യമിടുന്നത്.

7.5 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയിൽ നിന്ന് പ്രതിവർഷം 22.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് 150 കോടി രൂപ ചെലവ് വരുമെന്നാണ് 2018 ലെ എസ്റ്റിമേറ്റ്. ഇതിനായി ഷോളയാറിൽ നിന്ന് ആനക്കയത്തേക്ക് 5.5 കിലോമീറ്റർ നീളത്തിൽ തുരങ്കം നിർമ്മിക്കണം. പദ്ധതിയുടെ ഭാഗമായി വാഴച്ചാൽ വനം ഡിവിഷനിൽപെട്ട 20 ഏക്കർ നിബിഡ വനത്തിൽ നിന്ന് 70 സെ.മീ. മുതൽ 740 സെ.മീ വരെ ചുറ്റളവുള്ള 1897 മരം മുറിച്ചു നീക്കണം. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകുന്ന മേഖലകളിൽ വീട് പോലും നിർമ്മിക്കരുതെന്നാണ് സർക്കാർ നിർദേശം. 3.65 മീറ്റർ വ്യാസവും 5,167 മീറ്റർ നീളവുമുള്ള തുരങ്കം സ്ഫോടനത്തിലൂടെ പാറ പൊട്ടിച്ച് മല തുരന്ന് വേണം നിർമ്മിക്കാൻ.

കാടർ ആദിവാസികൾ

ആനമലയുടെ വിവിധ ഭാഗങ്ങളിലാണ് കാടർ ആദിവാസികൾ അധിവസിക്കുന്നത്. 2011 ലെ സെൻസസ് പ്രകാരം കേരളത്തിൽ അവശേഷിക്കുന്ന 26,273 ആദിവാസികളിൽ കേവലം 2949 മാത്രമാണ് കാടരുടെ അംഗസംഖ്യ. വനാശ്രിത സമൂഹങ്ങൾക്ക് അവരുടെ പരമ്പരാഗത ആവാസ ഭൂമിയിലും പ്രകൃതി വിഭവങ്ങളിലും നിയമപരമായ ഉടമസ്ഥത നൽകുന്ന 2006 ലെ വനാവകാശ നിയമപ്രകാരം ഗോത്രവിഭാഗത്തിൽപെട്ട കാടർ ആദിവാസികൾ സാമൂഹിക വനാവകാശം നേടിയെടുത്ത പ്രദേശമാണ് അതിരപ്പിള്ളി വാഴച്ചാൽ വനമേഖല. വനവിഭവങ്ങൾ ശേഖരിച്ച് സൊസൈറ്റികളിലും വനംവകുപ്പിന്റെ വി.എസ്.എസ് പോലുള്ള സംവിധാനങ്ങളിലും വിൽക്കുന്നത് വഴി ലഭിക്കുന്ന തുകയാണ് ഉപജീവനമാർഗ്ഗം. കാടിനെ ആശ്രയിച്ച് ജീവിച്ചുവരുന്ന ആദിവാസി സമൂഹം പരമ്പരാഗതമായി വന വിഭവശേഖരണത്തിനും മറ്റും പോയിക്കൊണ്ടിരിക്കുന്ന വനമേഖലയാണ് ഇപ്പോൾ നശിക്കുന്നത്.

വൻ സാമ്പത്തിക നഷ്ടത്തിനും സാദ്ധ്യത

സാധാരണ നിലയിൽ ജലവൈദ്യുത പദ്ധതികൾക്ക് ശരാശരി ഒരു മെഗാവാട്ടിന് 9 മുതൽ 10 കോടി രൂപ വരെ ചെലവ് വരുമ്പോൾ, ഇവിടെ 7.5 മെഗാവാട്ട് പദ്ധതിക്ക് 150 കോടിയാണ് പദ്ധതി പ്രഖ്യാപനത്തിലുള്ളത്. അതായത് 1 മെഗാവാട്ടിന് 20 കോടി രൂപ.


'വനാവകാശ നിയമ പ്രകാരം ആദിവാസികൾക്ക് അവകാശപ്പെട്ട സ്ഥലമാണിത്. ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ള പരിസ്ഥിതി ലോല പ്രദേശമാണിത്.

ഗീത

വാഴച്ചാൽ ഊര് മൂപ്പത്തി

'ആനക്കയം, അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതികൾക്കുള്ള ശ്രമം ഉപേക്ഷിക്കണമെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുന്നു. ആനക്കയം പദ്ധതിക്കായി മരം മുറിക്കാനുള്ള നീക്കം അവസാനിപ്പിക്കണം.

എസ്.പി രവി

സെക്രട്ടറി

ചാലക്കുടി പുഴ സംരക്ഷണ സമിതി


' ആനക്കയം പദ്ധതിക്കായി മരങ്ങൾ മുറിക്കാനുള്ള നീക്കം അവസാനിപ്പിക്കണം
വാക്‌സറിൻ പെരേപ്പാടൻ
ലോക് താന്ത്രിക് യുവജനതാദൾ
ജില്ലാ പ്രസിഡന്റ്


വനാവകാശ നിയമലംഘനം

തൃശൂർ: ജനകീയ മുന്നേറ്റത്തിന്റെ മുന്നിൽ മുട്ടുമടക്കി അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി ഉപേക്ഷിച്ച സംസ്ഥാന സർക്കാരും, കെ.എസ്.ഇ.ബിയും ആനക്കയം പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുകയാണെന്നും പ്രകൃതി സംരക്ഷണ വേദി സംസ്ഥാന സമിതി പറഞ്ഞു. കേവലം 7.5 മെഗാവാട്ട് വൈദ്യുതിക്കായി പരിസ്ഥിതി ലോല മേഖലയിൽ 5 കി.മീ. നീളത്തിൽ മല തുരന്ന് കൊണ്ടുള്ള ആനക്കയം പദ്ധതി എന്തിന് വേണ്ടിയാണെന്ന് സർക്കാർ വിശദീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

പദ്ധതി പ്രവർത്തനം നിറുത്തിവയ്ക്കണം

തൃശൂർ: ആദിവാസി സമൂഹത്തിനും പരിസ്ഥിതിക്കും വിനാശകരമായ, വൻതോതിൽ വനനശീകരണത്തിനിടയാക്കുമെന്ന ആശങ്കകൾ ഉയർത്തുന്ന കെ.എസ്.ഇ.ബിയുടെ നിർദ്ദിഷ്ട ആനക്കയം വൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം അടിയന്തരമായി നിറുത്തി വയ്ക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അതിരപ്പിള്ളി പോലെ തന്നെ അപകടകരവും ആദിവാസി വിരുദ്ധവും അശാസ്ത്രീയവും നിയമവിരുദ്ധവുമാണ് ആനക്കയം പദ്ധതി. തദ്ദേശവാസികളും മേഖലയിൽ താമസിക്കുന്ന ആദിവാസി ഊരുകൂട്ടങ്ങളും പ്രതിഷേധ പ്രമേയങ്ങളും നിയമപരമായ ഇടപെടലുകളുമായി മുന്നോട്ടു വന്നിട്ടുണ്ട്. വകുപ്പുകൾ പദ്ധതിയിൽ നിന്ന് ഉടൻ പിന്മാറണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഇ.എം സതീശൻ എന്നിവർ ആവശ്യപ്പെട്ടു.