ചാവക്കാട് : കോടിക്കണക്കിന് രൂപ നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത സ്വർണ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പൊലീസിനെ ആക്രമിച്ച് സ്റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. ഒരു പൊലീസുകാരന് പരിക്കേറ്റു. അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഉടമ പാലക്കാട് തൃത്താല ഊരത്തൊടിയിൽ അബ്ദുള്ളയാണ് (57) രക്ഷപ്പെട്ടത്. അബ്ദുള്ളയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ മുന്നോട്ടെടുത്ത കാറിടിച്ച് സിപിഒ. നന്ദനാണ് (44) കാലിന് പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു ചാവക്കാട് സ്‌റ്റേഷനിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്. നിക്ഷേപകരുടെ പണം തട്ടിയതിന് അബ്ദുള്ളയുടെ പേരിൽ 13 കേസുകളാണ് ചാവക്കാട് സ്റ്റേഷനിൽ മാത്രമുള്ളത്.
ഒളിവിലായിരുന്ന പ്രതി ഈ കേസുകളിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യമെടുത്ത ശേഷം ജാമ്യനടപടികൾക്കായാണ് സ്റ്റേഷനിലെത്തിയത്. പൊലീസ് നടപടിക്രമം പൂർത്തിയാക്കുന്നതിനിടെ ഇയാൾ ഇറങ്ങിയോടി. കുന്നംകുളം സ്‌റ്റേഷനിൽ മറ്റൊരു കേസിൽ ഇയാൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുണ്ട്.
ജാമ്യനടപടികൾക്കായി ചാവക്കാട് സ്റ്റേഷനിലെത്തിയിട്ടുണ്ടെന്ന വിവരം കുന്നംകുളം പൊലീസിന് ലഭിച്ചിട്ടുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ജാമ്യനടപടി പൂർത്തിയാകും മുമ്പ് ഇയാൾ ഇറങ്ങിയോടാൻ കാരണമെന്ന് പൊലീസ് പറയുന്നു.
പെരുമ്പാവൂരിലെ ഒരു ജ്വല്ലറി ഉടമയിൽ നിന്ന് 12 കോടി തട്ടിയ കേസിലാണ് ആദ്യമായി അബ്ദുള്ള പൊലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിന് പുറത്ത് മാറി മാറി ഒളിവിൽ കഴിഞ്ഞിരുന്ന അബ്ദുള്ളയെ പെരുമ്പാവൂർ സി.ഐ ബൈജു പൗലോസാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് മറ്റുള്ള സ്റ്റേഷനിൽ നിക്ഷേപകർ നൽകിയ കേസുകളിലേക്ക് ഇയാളെ പ്രതി ചേർക്കുകയായിരുന്നു. സ്‌റ്റേഷനിൽ നിന്നും ഇറങ്ങിയോടിയ പ്രതി ഡോർ തുറന്ന് കാറിൽകയറുകയും ചെയ്തു.
ഇയാൾക്ക് പിന്നാലെ പൊലീസുകാരായ നന്ദൻ, ശരത്ത്, വിബിൻ എന്നിവർ ഓടിയെത്തി തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുറന്ന ഡോറിൽ പൊലീസുകാർ കയറിപ്പിടിച്ചെങ്കിലും കയറാനായില്ല. ഡോർ തുറന്ന നിലയിൽ കാർ കുന്നംകുളം ഗുരുവായൂർ റോഡിലൂടെ ഓടിച്ചുപോയി. പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിനും അബ്ദുക്കെതിരെയും കാറോടിച്ചയാൾക്കെതിരെയും പൊലീസ് കേസെടുത്തു. അന്വേഷണം ഊർജ്ജിതമാക്കിയതായി ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടിമേപ്പിള്ളി,എസ്.ഐ യു.കെ ഷാജഹാൻ എന്നിവർ പറഞ്ഞു.