തൃശൂർ: സ്വയം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് മെമ്പറുടെയും കൗൺസിലറുടെയും പ്രസിഡന്റിന്റെയും മേയറുടെയുമെല്ലാം കുപ്പായമണിഞ്ഞ് നടക്കുന്നവരെയും വിമതരായി 'മിടുക്ക്' കാണിക്കുന്നവരെയും കൈവിടാൻ കോൺഗ്രസ്. സ്ഥാനാർത്ഥിയാകുമെന്ന് കരുതി സ്വയം പ്രചാരണം വേണ്ടെന്ന ഡി.സി.സിയുടെ മുന്നറിയിപ്പിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനും ഇന്നലെ അസന്ദിഗ്ധമായി നയം വ്യക്തമാക്കി.
പാർട്ടിക്ക് മീതെ പറക്കുന്നവർ കോൺഗ്രസിലുണ്ടാവില്ലെന്നും അവർ നടപടി നേരിടേണ്ടി വരുമെന്നും എല്ലാവർക്കും ആവർത്തിച്ച് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. ആർക്കെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കിൽ അത് നേരിട്ട് പറയണമെന്നും സ്ഥാനാർത്ഥി നിർണ്ണയത്തിൽ പാർട്ടിയുടെ പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റിയുടെ തീരുമാനമായിരിക്കും അന്തിമമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. കെ.പി.സി.സിയുടെ മാർഗനിർദേശം പാലിച്ച് സ്ഥാനാർത്ഥികളെ സമിതികളാണ് തീരുമാനിക്കുന്നത്. സ്ഥാനാർത്ഥികളായി സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തുന്നവർക്ക് ഒരു സ്ഥാനവും നൽകേണ്ടെന്നാണ് തീരുമാനം. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി ചിലയിടങ്ങളിൽ തർക്കങ്ങളും വാക്കേറ്റങ്ങളും ഉയർന്നിരുന്നു. അതേസമയം, സ്ഥാനാർത്ഥിപ്പട്ടികയിലേക്ക് യൂത്ത് കോൺഗ്രസ് കൂറ്റൻ പട്ടികയാണ് കഴിഞ്ഞദിവസം സമർപ്പിച്ചത്. യൂത്ത് കോൺഗ്രസിൽ നിന്ന് സ്ഥാനാർത്ഥികളായി പരിഗണിക്കേണ്ടവരുടെ പട്ടികയാണ് ഡി.സി.സിക്ക് കൈമാറിയത്. എന്നാൽ, മുതിർന്നവരെയും യുവാക്കളെയും ഒന്നിച്ച് അണിനിരത്താനാണ് ശ്രമം. വിജയസാദ്ധ്യതയ്ക്ക് തുരങ്കം വെയ്ക്കുന്ന വിമതരെ മുളയിലേ നുളളാനാണ് നേതൃത്വം ശ്രമിക്കുന്നത്.
ഗ്രൂപ്പില്ലാ തിരഞ്ഞെടുപ്പ് കാലം
ഡി.സി.സി. പ്രസിഡന്റ് സ്ഥാനത്തിന് ഗ്രൂപ്പ് നേതാക്കൾ കാണാച്ചരടുകൾ വലിച്ചെങ്കിലും എ.ഐ.സി.സി. അംഗീകരിച്ച നിയമനം എല്ലാവരും അംഗീകരിച്ചു. തിരഞ്ഞെടുപ്പ് കാലത്തെങ്കിലും ഗ്രൂപ്പ് പോര് ഒഴിഞ്ഞു. കെ.പി.സി.സി. സെക്രട്ടറിമാരുടെ പട്ടികയിലും ഗ്രൂപ്പ് തർക്കം പ്രതിഫലിച്ചില്ല. 11 കെ.പി.സി.സി സെക്രട്ടറിമാരും കെ.പി.സി.സി. വൈസ് പ്രസിഡന്റും ട്രഷററും മൂന്ന് ജനറൽ സെക്രട്ടറിമാരുമെല്ലാം ചേർന്ന് വിജയവഴിയിലേക്ക് കൈപ്പിടിച്ചുയർത്തുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.
നേതൃയോഗത്തിലും താക്കീത്
തദ്ദേശതിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ അവസാന വിലയിരുത്തലായ നേതൃയോഗത്തിലാണ് മുല്ലപ്പള്ളി വിമതർക്കും സ്ഥാനാർത്ഥി മോഹികൾക്കും എതിരായ നിലപാട് ആവർത്തിച്ചത്. സർക്കാർ പ്രതിസന്ധിയിലായിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ യു.ഡി.എഫിന് ഏറ്റവും അനുകൂല കാലമാണെന്നും വിമതരായി മത്സരിച്ച് ആ സാദ്ധ്യതയെ ഇല്ലാതാക്കാൻ ശ്രമിക്കരുതെന്നും മുല്ലപ്പള്ളി നേതാക്കൾക്ക് താക്കീത് നൽകി.
തദ്ദേശസ്ഥാപനങ്ങൾ
'' പ്രസിഡൻ്റ്, ചെയർമാൻ, മേയർ സ്ഥാനാർത്ഥി എന്ന നിലയിലുളള പ്രചാരണങ്ങൾ യു.ഡി.എഫിലോ കോൺഗ്രസിലോ പതിവില്ല. അങ്ങനെയുള്ള ശ്രമം അംഗീകരിക്കാനുമാവില്ല. ''
ജോസഫ് ചാലിശേരി
ജില്ലാ ചെയർമാൻ
യു.ഡി.എഫ്