തൃശൂർ: അന്തേവാസികളായ സുചിത്രയുടെയും ലളിതയുടെയും അറുപതാം പിറന്നാൾ കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ആഘോഷമാക്കി ചൂലിശ്ശേരി ശ്രീപാർവതി സേവാനിലയം. പിറന്നാൾ സമ്മാനമായി കിട്ടിയ സെറ്റും മുണ്ടുമുടുത്ത് മാലയും കമ്മലും പൊട്ടും ചന്ദനക്കുറിയുമണിഞ്ഞായിരുന്നു ഇരുവരും ആഘോഷിച്ചത്. പാദപൂജയ്ക്കുശേഷം പിറന്നാളുകാരികളെ ആരതിയുഴിഞ്ഞു. പിന്നെ സദ്യയും.
2005ൽ ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ ഗൃഹസമ്പർക്കത്തിലാണ് കുടപ്പനക്കുന്നിലെ മുറിയിൽ അടച്ചിട്ടനിലയിൽ ബി.കോം ബിരുദധാരിയായ തിരുവനന്തപുരം സ്വദേശി സുചിത്രയെ കാണുന്നത്. മാതാപിതാക്കൾ മരിച്ച് സഹോദരൻ മാത്രമുള്ള ഇവരെ സേവാഭാരതി ഏറ്റെടുത്ത് പിന്നീട് 2007ൽ സേവാനിലയത്തിലെത്തിച്ചു. 2018ലാണ് ലളിത ഇവിടെയെത്തുന്നത്.
സേവാഭാരതി സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ, സക്ഷമയുടെ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പ്രദീപ്കുമാർ, മുരളി കൊളങ്ങാട്ട്, കരുണാകരൻ, ഗിരീഷ് കടവത്ത് എന്നിവർ പങ്കെടുത്തു.