mulla

തൃശൂർ: മാവോവാദികൾ എന്നാണ് സി.പി.എമ്മിന്റെ കണ്ണിലെ കരടായതെന്നും അവരെ വെടിവെച്ച് കൊല്ലണമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനുത്തരം പറയണമെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസ് ജില്ലാ നേതൃസംഗമത്തിനെത്തിയ മുല്ലപ്പള്ളി പത്രലേഖകരോട് സംസാരിക്കുകയായിരുന്നു.

കോൺഗ്രസിൽ ആർക്കെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കിൽ അത് നേരിട്ട് പറയണം. അല്ലാതെ ലേഖനമെഴുതുകയല്ല വേണ്ടത്. മൂന്ന് തവണ മത്സരിപ്പിച്ചവരെ വീണ്ടും മത്സരിപ്പിക്കരുതെന്ന് മാത്യു കുഴൽനാടന് അഭിപ്രായമുണ്ടെങ്കിൽ അത് എന്നോടാണ് പറയേണ്ടത്. ഫോണിൽ ബന്ധപ്പെടാം. അല്ലെങ്കിൽ വിളിച്ചാൽ ഫോണെടുക്കണം. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആരും മേയറുടെ കുപ്പായം സ്വയം അണിയണ്ട. പഞ്ചായത്ത് പ്രസിഡന്റ് ചമയുകയും വേണ്ട. സ്ഥാനാർത്ഥി നിർണയത്തിൽ പൊളിറ്റിക്കൽ അഫയേഴ്‌സ് കമ്മിറ്റിയുടെ തീരുമാനമായിരിക്കും അന്തിമം.

ബിനീഷ് കോടിയേരി ഉൾപ്പെടുന്ന മയക്കുമരുന്ന് കേസ് സാമ്പത്തികപ്രശ്നം മാത്രമല്ല ദേശദ്രോഹവും ഉൾപ്പെടും. ബിഹാറിൽ സി.പി.എം ഉൾപ്പെടുന്ന മഹാസഖ്യത്തിന്റെ ഭാഗമായി സി.പി.ഐ.എം.എല്ലും മാവോയിസ്റ്റ് കമ്യൂണിസ്റ്റും മത്സരിക്കുന്നുണ്ട്. അവിടെ ഇവർ സഖ്യക്കാരും കേരളത്തിൽ ദേശദ്രോഹികളും ആകുന്നത് എങ്ങനെയെന്ന് പിണറായി പറയണം. ബീഹാറിൽ കോൺഗ്രസിന്റെ ഓഫീസുകളിലാണ് സി.പി.എം നേതാക്കൾ കഴിയുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.