തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന പഞ്ചായത്തുകളിൽ തിരഞ്ഞെടുപ്പുകളിൽ അങ്കത്തട്ട് ഉണർന്നു തുടങ്ങി. കൊവിഡിൽ പതിവ് ആൾക്കൂട്ടം ഇല്ലെങ്കിലും ആവേശം ചോരാതെ നോക്കാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ട്രീയ പാർട്ടികൾ.
മൂന്ന് മുന്നണികളും വാർഡിലേക്ക് സ്ഥാനാർത്ഥികളെ രംഗത്തിറക്കി തുടങ്ങി. ബി.ജെ.പി ഭൂരിഭാഗം പഞ്ചായത്തുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എൽ.ഡി.എഫും, യു.ഡി.എഫും ഇന്നും നാളെയുമായി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കും. കോൺഗ്രസിൽ ഏറ്റവും കൂടുതൽ വിമതന്മാർ രംഗത്ത് ഇറങ്ങാറുണ്ട്. എന്നാൽ ഡി.സി.സിയിൽ നിന്ന് കർശന താക്കീത് വന്നു കഴിഞ്ഞു. അതേസമയം യൂത്ത് കോൺഗ്രസ്, ദളിത് കോൺഗ്രസ് തുടങ്ങിയ പോഷക സംഘടനകൾ അവകാശ വാദവുമായി രംഗത്തിറങ്ങിയത് അല്പം തലവേദന സൃഷ്ടിച്ചിട്ടുണ്ട്.
ഔദ്യോഗികമായി പ്രഖ്യാപനം വന്നു കഴിഞ്ഞാൽ പ്രചാരണം ശക്തമാകും. കഴിഞ്ഞ തവണ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ഇടതുപക്ഷത്തിന് സാധിച്ചിരുന്നു. എന്നാൽ ഇത്തവണ സാഹചര്യം തങ്ങൾക്ക് അനുകൂലമാണെന്ന് യു.ഡി.എഫ് ചൂണ്ടിക്കാണിക്കുന്നു. സ്ഥാനാർത്ഥികളുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ ഇറങ്ങിയിട്ടില്ലെങ്കിലും ചുമരെഴുത്തുകളും ചിഹ്നങ്ങളും നിറഞ്ഞു തുടങ്ങി. ഇനി പത്തു ദിവസം മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ളത്. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവയിൽ വളരെ പരിമിതമായി മാത്രമേ പ്രചരണം സാധിക്കൂ.
പ്രചാരണ വണ്ടികൾ നീങ്ങിത്തുടങ്ങി
ഇത്തവണ മൈക്ക് കെട്ടിയുള്ള പ്രചാരണങ്ങളേക്കാൾ സൈബർ പ്രചാരണം തന്നെയാകും പാർട്ടികളുടെ പ്രധാന ആയുധം. മൂന്ന് പേരിൽ കൂടുതൽ ആളുകൾ സ്ഥാനാർത്ഥികൾക്ക് ഒപ്പം പാടില്ലെന്നതും പൊതുയോഗങ്ങൾക്കുള്ള നിയന്ത്രണങ്ങളും കൂടിയുള്ളതിനാൽ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തങ്ങളുടെ വിഷയങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ഒരുക്കം തുടങ്ങി. ഇതിനോടകം സൈബർ പ്രചാരണ വണ്ടികൾ പ്രയാണം തുടങ്ങിക്കഴിഞ്ഞു.
സി.പി.എം ഘടകകക്ഷികളുമായുള്ള
ചർച്ച പൂർത്തിയാക്കി
തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കി. സി.പി.എം സീറ്റുകളിലും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായി. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുക്കുന്ന ഗൂഗിൾമീറ്റ് യോഗത്തിൽ ചർച്ചകളുടെ വിശദീകരണവും വിലയിരുത്തലും ഉണ്ടാകും.
ശനിയാഴ്ച സംസ്ഥാന കമ്മിറ്റി പൂർത്തിയാക്കിയതിന് ശേഷം ഞായറാഴ്ച തൃശൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ കോർപറേഷൻ, ജില്ലാ പഞ്ചായത്ത് സീറ്റുകളും സ്ഥാനാർത്ഥികളും സംബന്ധിച്ച് അന്തിമ വിലയിരുത്തൽ പൂർത്തിയാക്കി. വൈകീട്ട് ഇടതുമുന്നണി കക്ഷി നേതാക്കളുമായുള്ള ചർച്ചകളും അവസാനിപ്പിച്ചു. 10ന് ഇടതുമുന്നണിയുടെ യോഗം ചേരും.