തൃശൂർ: ജില്ലയിൽ 641 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 834 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,913 ആണ്. തൃശൂർ സ്വദേശികളായ 94 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 46,473 ആണ്. 36,210 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ ഞായറാഴ്ച സമ്പർക്കം വഴി 621 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 6 ആരോഗ്യ പ്രവർത്തകർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 4 പേർക്കും, രോഗ ഉറവിടം അറിയാത്ത 10 പേർക്കും രോഗബാധ ഉണ്ടായി. രോഗ ബാധിതരിൽ 60 വയസിന് മുകളിൽ 42 പുരുഷന്മാരും 44 സ്ത്രീകളും പത്ത് വയസിന് താഴെ 23 ആൺകുട്ടികളും 16 പെൺകുട്ടികളുമുണ്ട്.
പൊലീസ് അക്കാഡമിയിൽ
11 പേർക്ക് കൊവിഡ്
തൃശൂർ: രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ വീണ്ടും കൊവിഡ് ഭീഷണി. ഡോഗ് സ്ക്വാഡിലെ ട്രെയിനികളായ 11 സി.പി.ഒമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ അക്കാഡമിയിലെ നൂറിലേറെ പേർക്ക് കൊവിഡ് ബാധിച്ചത് ഏറെ ഭീതിയുണ്ടാക്കിയിരുന്നു.
ആവശ്യമായ പരിചരണവും ചികിത്സയും ലഭിക്കാത്തത് പരാതിക്കിടയാക്കിയിരുന്നു. അക്കാഡമിയോട് ചേർന്നുള്ള റിക്രൂട്ടിംഗ് ട്രെയിനിംഗ് സെന്ററിലെ പരിശീലനാർത്ഥി ആലുവ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.