ചാവക്കാട്: രണ്ട് വർഷത്തോളമായി രാത്രികാലത്ത് വെളിച്ചമില്ലാതിരുന്ന മന്ദലാംകുന്ന് കടൽ തീരത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. 2010ൽ കെ.വി. അബ്ദുൾഖാദർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് കടലോരത്ത് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.12.5 മീറ്റർ ഉയരത്തിൽ അഞ്ച് സ്‌പോട്ട് ലൈറ്റ് സ്ഥാപിച്ച് 41,181 രൂപ ചെലവിലാണ് പ്രദേശ വാസികൾക്ക് വെളിച്ചം യാഥാർത്ഥ്യമാക്കിയത്. പിന്നീട് നിരവധി തവണ പ്രദേശം ഇരുട്ടിലായെങ്കിലും പുന്നയൂർ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ 2018ൽ ഹൈമാസ്റ്റ് ലൈറ്റ് നിലംപൊത്തി. പിന്നീട് രണ്ടുവർഷത്തോളം അധികൃതർ തിരിഞ്ഞു നോക്കിയില്ല. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങളും പ്രതിഷേധങ്ങളും റീത്ത് സമർപ്പിക്കലും സംഘടിപ്പിച്ചിരുന്നുവെങ്കിലും പഞ്ചായത്ത് അധികൃതർ നടപടി എടുത്തില്ല. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചു തുടങ്ങി.