sheela

തൃശൂർ: ഫെമിനിസ്റ്റ് പ്രവർത്തക ഷീന ജോസിൻ്റെ വിയോഗത്തിലൂടെ നഷ്ടമാവുന്നത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ദൈനംദിന ജീവിതത്തിൽ നിരന്തരം ഇടപെടലുകൾ നടത്തിയ സാമൂഹിക പ്രവർത്തകയെ. പരമ്പരാഗതമായ രീതിയിലുള്ള ഇടപെടലുകൾ നടത്തിയിരുന്ന ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിൽ നിന്ന് ഭിന്നമായി കോളേജുകൾ കേന്ദ്രീകരിച്ച് ജെൻഡർ പരിശീലനങ്ങളും ശില്പശാലകളും നടത്തി പെൺകുട്ടികളിൽ വലിയ സ്വാധീനം ചെലുത്താൻ അവർക്കായി.

ഇത്തരം പരിപാടികളിലൂടെ കാമ്പസുകളിൽ സജീവമായ ഇടപെട്ടു. ഇന്ത്യയിലെ പരിസ്ഥിതി മുന്നേറ്റത്തിന് പുതിയ ദിശാബോധം നൽകിയ പശ്ചിമഘട്ട രക്ഷായാത്രയിലും പെരിങ്ങോം സമരമടക്കമുള്ള ആണവ വിരുദ്ധ സമരത്തിലും ജനകീയ ആരോഗ്യ പ്രസ്ഥാനത്തിലുമെല്ലാം നേതൃപരമായ ഇടപെടൽ ഷീന നടത്തി. ഏഴിമലയിൽ നിന്നും ബലിയപാൽ സമരത്തിലേക്ക് ഷീന ജോസ് അടക്കമുള്ള പരിസ്ഥിതി - മനുഷ്യാവകാശ പ്രവർത്തകർ നടത്തിയ ഐക്യദാർഢ്യ യാത്ര ശ്രദ്ധേയമായിരുന്നു.

1980കളിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുമായും പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് സമരപരിപാടികളും ശില്പശാലകളും പഠന പരിപാടികളും യാത്രകളും സംഘടിപ്പിക്കുന്നതിൽ ഷീന പ്രധാന പങ്കു വഹിച്ചു. സിനിമ, സാഹിത്യം, ലൈംഗികതയും ലിംഗനീതിയും തുടങ്ങിയ വിഷയം മുൻനിറുത്തിയുള്ള പരിശീലന ശില്പശാലകളിലൂടെയും ചലച്ചിത്രമേളകളിലൂടെയും ചർച്ചകളിലൂടെയും സജീവമായി നിലകൊണ്ടു.

1990കളിൽ കേരളത്തിൽ സംഘടിപ്പിച്ച ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ ദേശീയ സമ്മേളനം അടക്കം, പ്രധാനപ്പെട്ട എല്ലാ സ്ത്രീ മുന്നേറ്റങ്ങളിലും ഷീന ജോസ് നേതൃപരമായ പങ്കുവഹിച്ചു. കേരളത്തിലെ ആദ്യത്തെ മൂന്ന് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഒന്നായ ചേതനയുടെ പ്രസിഡൻ്റ് ആയിരുന്നു. സൂര്യനെല്ലി വിഷയത്തിലടക്കം സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങളിലെല്ലാം ഷീന ജോസും ചേതനയും സംഘവും ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തുണ്ടായിരുന്നു. തിരുവനന്തപുരത്തും കോഴിക്കോടും പ്രവർത്തിച്ചിരുന്ന സംഘടനകളായ പ്രചോദന, ബോധന, മാനുഷി എന്നിവയിലും ബദൽ മാദ്ധ്യമ ഇടപെടലുകളായ പാഠഭേദം, വാക്ക് തുടങ്ങിയ മാഗസിനുകളുടെ പ്രവർത്തനങ്ങളിലും ഷീന വ്യക്തിമുദ്ര പതിപ്പിച്ചു. തൃശൂരിലെ വിബ്ജിയോർ അന്തർദ്ദേശീയ ചലച്ചിത്രമേളയുടെ സ്ഥാപക അംഗവും സജീവ പ്രവർത്തകയുമായിരുന്നു.