welfare

കൊടുങ്ങല്ലൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ മുന്നണികൾക്കുള്ളിൽ സജീവം. കൊടുങ്ങല്ലൂർ നഗരസഭ ആദ്യമായി പട്ടിക ജാതി വനിതയ്ക്ക് സംവരണം ചെയ്തതോടെ ചെയർമാൻ സ്ഥാനത്തേക്ക് പ്രാപ്തരായ സ്ഥാനാർത്ഥികളെ കണ്ടെത്തുന്നതിനുള്ള തിരക്കിലാണ് മുന്നണികൾ. എൻ.ഡി.എയിലും യു.ഡി.എഫിലും സീറ്റിനെ ചൊല്ലി ഘടക കക്ഷികളുമായി തർക്കം നിലനിൽക്കുന്നുണ്ട്. എൽ.ഡി.എഫാകട്ടെ കഴിഞ്ഞ തവണ മത്സരിച്ച വാർഡുകളിൽ തന്നെ മത്സരിക്കാനാണ് തീരുമാനം.

സി.പി.ഐ 21 വാർഡിലും സി.പി.എം 23 വാർഡുകളിലുമാണ് മത്സരിച്ചിരുന്നത്. ഒരു വാർഡിൽ സി.എം.പിയും മത്സരിച്ചിരുന്നു. സി.എം.പി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ലത ഉണ്ണിക്കൃഷ്ണൻ പിന്നീട് സി.പി.എമ്മിൽ ചേർന്നിരുന്നു. കഴിഞ്ഞ തവണ മത്സരിച്ച മൂന്ന് സീറ്റുകൾ വേണമെന്ന ലീഗിന്റെ ശക്തമായ നിലപാടുമൂലം യു.ഡി.എഫിൽ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. വയലാർ , വിയ്യത്തുംകുളം, കെ.കെ.ടി.എം വാർഡുകളിലാണ് കഴിഞ്ഞ തവണ ലീഗ് മത്സരിച്ചത്. ഇതിൽ രണ്ടിടത്ത് കോൺഗ്രസ് നോട്ടമിട്ടിട്ടുണ്ട്. ഇവിടങ്ങളിൽ സ്ഥാനാർത്ഥികളെയും കോൺഗ്രസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് കോൺഗ്രസ് ലീഗ് ജില്ലാ നേതൃത്വം ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല. എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് അർഹമായ സീറ്റ് നൽകിയിട്ടില്ലെന്ന് പരാതിയുണ്ട്. മുന്നണികൾ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് ഈയാഴ്ച തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

വെൽഫെയർ പാർട്ടിയുമായി കൈകോർത്ത് യു.ഡി.എഫ്


കൊടുങ്ങല്ലൂർ: തീരമേഖലയിൽ വെൽഫെയർ പാർട്ടിയുമായി കൈകോർത്ത് വിജയം കൊയ്യാൻ തന്ത്രം മെനയുകയാണ് യു.ഡി.എഫ്.
കയ്പമംഗലം നിയോജക മണ്ഡലത്തിൽ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിൽ വെൽഫെയർ പാർട്ടിയുടെ സഹായത്തോടെ മികച്ച നേട്ടമുണ്ടാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ് നേതൃത്വം. വെൽഫെയർ പാർട്ടിക്ക് എറിയാട് പഞ്ചായത്തിൽ മൂന്ന് സീറ്റുകൾ നൽകാനാണ് കോൺഗ്രസിന്റെ തീരുമാനം. മുസ്ലിം ലീഗിന് രണ്ട് സീറ്റും നൽകും. സീറ്റ് ധാരണ പൂർത്തിയാകുന്ന മുറയ്ക്ക് വെൽഫെയർ പാർട്ടിക്കുള്ള സീറ്റുകൾ പ്രഖ്യാപിക്കും. 7, 16, 23 വാർഡുകളാണ് വെൽഫെയർ പാർട്ടിക്ക് നൽകുമെന്നാണ് സൂചന. എടവിലങ്ങ് പഞ്ചായത്തിലും വെൽഫെയർ പാർട്ടിക്കായി ഒരു സീറ്റ് മാറ്റിവയ്ക്കും. രണ്ടാം വാർഡിൽ വെൽഫെയർ പാർട്ടി മത്സരിച്ചേക്കും. ഇവിടെ ലീഗും ഒരു സീറ്റിൽ മത്സരിക്കും. ശ്രീനാരായണപുരം ഏഴാം വാർഡിലും കോൺഗ്രസ് പിന്തുണയോടെ വെൽഫയർ പാർട്ടി മത്സരത്തിനുണ്ടാകും. വെൽഫെയർ പാർട്ടിക്ക് കേരളത്തിൽ ആദ്യമായി പഞ്ചായത്തംഗങ്ങളുണ്ടായ മേഖലയാണ് എറിയാട് എടവിലങ്ങ് പഞ്ചായത്തുകൾ.