ഇരിങ്ങാലക്കുട : തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന സാഹചര്യത്തിൽ അരയും തലയും മുറുക്കി മുന്നണികൾ ഒരുങ്ങുമ്പോൾ ഘടക കക്ഷികളുമായുള്ള ഇടതു മുന്നണിയുടെ സീറ്റ് വിഭജനം പൂർത്തിയായി. യു.ഡി.എഫിൽ ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ഘടകകക്ഷികളുമായി ധാരണയിലെത്തിയ വാർഡുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള അവനസാന ഘട്ട ശ്രമത്തിലാണ് ഇടതുപക്ഷം. കാര്യമായ തർക്കളൊന്നും ഇല്ലാതെയാണ് എൽ.ഡി.എഫ് സീറ്റു വിഭജനം പൂർത്തിയാക്കിയത്. സി.പി.എം 26 സീറ്റിലും സി.പി.ഐ 10 സീറ്റിലും കേരള കോൺഗ്രസ് (ജോസ് കെ. മാണി വിഭാഗം) രണ്ടു സീറ്റിലും ജനതാദൾ രണ്ടു സീറ്റിലും ജനതാദൾ സെക്കുലർ ഒരു സീറ്റിലും മത്സരിക്കുവാനാണ് ധാരണ. ടൗണിൽ ആറും പൊറത്തിശേരി പ്രദേശത്ത് നാലും സീറ്റുകളാണു സി.പി.ഐ മത്സരിക്കുക.
കോൺഗ്രസിൽ ഗ്രൂപ്പ് തിരിഞ്ഞ് ഓരോ വാർഡിലും സ്ഥാനാർത്ഥികൾ മത്സര രംഗത്തിറങ്ങാൻ തയ്യാറെടുക്കുകയാണ്. നഗരസഭ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടക്കുമെന്നാണ് മൂന്ന് മുന്നണികളും കരുതുന്നത്. മൂന്നു മുന്നണികളും സീറ്റ് വർദ്ധിപ്പിക്കും എന്നാണു അവകാശപ്പെടുന്നതെങ്കിലും, കഴിഞ്ഞ തവണ ലഭിച്ചിരുന്ന പല വാർഡുകളും നഷ്ടപ്പെടുമോയെന്ന ആശങ്കയും മൂന്നു
മുന്നണികൾക്കുമുണ്ട്. എങ്ങനെയെങ്കിലും നഗരസഭ ഭരണം പിടിച്ചെടുക്കുകയെന്നതാണ് എൽ.ഡി.എഫ് ലക്ഷ്യം വയ്ക്കുന്നത്.
ഭരണം നിലനിറുത്താനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. നിലവിൽ 19 കൗൺസിലർമാർ വീതമാണ് യു.ഡി.എഫിനും എൽ.ഡി.എഫിനും ഉണ്ടായിരുന്നത്. മൂന്ന് കൗൺസിലർമാരാണ് ബി.ജെ.പിക്ക്. ബി.ജെ.പി കൗൺസിലർ രമേഷ് വാരിയർ രാജിവെച്ചത് ബി.ജെ.പിക്ക് ക്ഷീണമാകുമെന്നാണ് വിലയിരുത്തൽ. വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥികൾക്ക് അവസരം നൽകണമെന്നാണ് ഒരു വിഭാഗം
കോൺഗ്രസുകാരുടെ ആവശ്യം.