election

തൃശൂർ: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന്റെ ഭാഗമായി മുന്നണികളിലെ സീറ്റ് വിഭജനചർച്ചകൾ അവസാനഘട്ടത്തിൽ എത്തി. രണ്ടു ദിവസത്തിനകം പൂർത്തിയായേക്കും. ഇന്നലെ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പിള്ളി രാമചന്ദ്രൻ ജില്ലയിലെത്തി സീറ്റ്‌ വിഭജനം സംബന്ധിച്ച ചർച്ചകൾ നടത്തിയിരുന്നു. ഇന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. സംസ്ഥാന സെക്രട്ടറി കോടിയെരി ബാലകൃഷ്ണൻ ഗൂഗിൾ മീറ്റിലൂടെ പങ്കെടുക്കുന്നുണ്ട്. ബിജെപി ഇതിനോടകം പഞ്ചായത്ത്, ബ്ലോക്ക്‌, നഗരസഭകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തുടങ്ങി. തർക്കമുള്ള ഏതാനും സീറ്റുകൾ മാത്രമാണ് ഒഴിച്ചിട്ടിരിക്കുന്നത്. ബി. ഡി. ജെ. എസ് സ്ഥാനാർഥികളെയും അടുത്ത ദിവസം പ്രഖ്യാപിക്കും.

നേതാക്കളോടൊപ്പം

സജീവരായി അണികളും

പ്രഖ്യാപനങ്ങൾ വന്നു തുടങ്ങിയതോടെ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളും തെളിഞ്ഞു തുടങ്ങി. ചിഹ്നങ്ങളും ചുവരെഴുത്തുകളുമായി പാർട്ടിനേതാക്കളും പ്രവർത്തകരും രാവും പകലും കൊവിഡ് വ്യാപനഭീതിയ്ക്കിടയിലും പ്രചാരണവഴികളിൽ സജീവം. സാമൂഹ്യമാദ്ധ്യമങ്ങളിലും പ്രചാരണം ചൂടുപിടിച്ചു. പ്രചാരണരംഗത്ത് ഇത്തവണ പ്രാദേശിക വിഷയങ്ങൾക്ക് പുറമെ ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദവും ഗുണ്ട കൊലപാതകങ്ങളും ചർച്ചകൾക്ക് മൂർച്ച കൂട്ടും. കോർപറേഷനിൽ ഇത്തവണ പോരാട്ടം കടുക്കും. കഴിഞ്ഞ തവണ ആർക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. കൂടുതൽ സീറ്റുകളുടെ പിൻബലത്തിൽ എൽ. ഡി. എഫ് കാലാവധി തികച്ചു എന്ന് മാത്രം. ഇത്തവണ തങ്ങൾക്ക് അനുകൂല സാഹചര്യമാണെന്ന് യു. ഡി. എഫ് അവകാശപെടുന്നു. എൻ. ഡി. എ യും പ്രതീക്ഷയിൽ ആണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ എൽ. ഡി. എഫിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളാൻ സാധിച്ചതിൽ ഉള്ള ആത്മവിശ്വാസം അവർക്കുണ്ട്. നഗരസഭകളിൽ കൊടുങ്ങല്ലൂർ, കുന്നംകുളം എന്നിവിടങ്ങളിൽ ശക്തമായ ത്രികോണ മത്സരം ഉണ്ടാകും.

ജില്ലയുടെ നിലവിലെ ചിത്രം

നഗരസഭകൾ: ഏഴ്

എൽ.ഡി.എഫ് : 6 (ചാലക്കുടി, ചാവക്കാട്, കൊടുങ്ങല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി,ഗുരുവായൂർ)

യു.ഡി.എഫ്: 1 (ഇരിങ്ങാലക്കുട )

തൃശൂർ കോർപ്പറേഷൻ:

ഡിവിഷനുകൾ- 55

ഇടതുമുന്നണി -23

യു.ഡി.എഫ് -21

ബി.ജെ.പി- 6

സ്വതന്ത്രർ- 5

ബ്ളോക്ക് പഞ്ചായത്തുകൾ: 16

എൽ.ഡി.എഫ്: 13

യു.ഡി.എഫ്: 3

പഞ്ചായത്തുകൾ -86

എൽ. ഡി. എഫ് -67

യു. ഡി. എഫ് -18

ബിജെപി -1